c
നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയില്ല, 471 പേർ ഇന്നലെ അറസ്റ്റിൽ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച് നാട് കാണാനിറങ്ങിയ 471 പേരെ ഇന്നലെ ജില്ലയിൽ പൊലീസ് അറസ്റ്റ് ചെയ്തു. 435 കേസുകളിലായി 356 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. എന്നാൽ സത്യവാങ്മൂലവുമായി പുറത്തിറങ്ങിയവർക്ക് ജില്ലയിലെങ്ങും ബുദ്ധിമുട്ട് നേരിട്ടില്ല. സിറ്റി പൊലീസ് 232 കേസുകളിലായി 245 പേരെ അറസ്റ്റ് ചെയ്ത് 192 വാഹനങ്ങൾ പിടിച്ചെടുത്തു. പകർച്ച വ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്തത്. റൂറൽ പൊലീസ് 203 കേസുകളിലായി 226 പേരെ അറസ്റ്റ് ചെയ്ത് 164 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. നിയന്ത്രണങ്ങൾ അവഗണിച്ച് പള്ളിയിൽ പ്രാർത്ഥന നടത്താൻ ശ്രമിച്ചതിന് പരവൂർ കോട്ടപ്പുറം തെക്കുഭാഗം, ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ പൊലീസ് കേസെടുത്തു. കൊല്ലം റൂറൽ പൊലീസ് ജില്ലയിലെ 625 തൊഴിലാളി ക്യാമ്പുകളിലായി 5,950 അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരുമായി നിരന്തര സമ്പർക്കം പുലർത്താൻ ജനമൈത്രി ബീറ്റ് ഓഫീസർമാരെ ലെയ്സൺ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. ഇവർ ക്യാമ്പുകളിലെത്തി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കുന്നതിനൊപ്പം ചികിത്സ, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പ് വരുത്താനും ശ്രമിക്കുന്നുണ്ട്.