pho
പാലരുവിയിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കെ.രാജു സംസാരിക്കുന്നു

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് വയ്ക്കോൽ, കാലി, കോഴിത്തീറ്റ അടക്കമുള്ള സാധനങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കോവിഡ് -19നെ തുടർന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തെക്കുറിച്ച് വിലയിരുത്താൻ ഇന്നലെ പാലരുവി മോട്ടൽ ആരാമത്തിയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോസ്ഥരുടെ സംയുക്ത യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂക്ഷമായ വയ്ക്കോൽ ക്ഷാമം നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. നിലവിൽ വയ്ക്കോൽ കയറ്റി വരുന്നതിന് തടസമില്ല. വയ്ക്കോൽ കയറ്റുന്നിടത്ത് ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതാണ് പ്രശ്നം. ആവശ്യമെങ്കിൽ കേരളത്തിൽ നിന്ന് പോകുന്ന വാഹനങ്ങൾക്ക് വയ്ക്കോൽ എടുക്കാൻ പാസ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കും. ഇത് സംബന്ധിച്ച് എല്ലാ തടസങ്ങളും പരിഹരിക്കാൻ റൂറൽ എസ്.പി ഹരിശങ്കറിനെ മന്ത്രി ചുമലതപ്പെടുത്തി. തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ അതിർത്തി വഴിയെത്തുന്നവരെ ആര്യങ്കാവിനോട് ചേർന്ന സ്ഥലത്ത് നിരീക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. കോവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ നിലവിലുണ്ടായിരുന്ന ആംബുലൻസിന് പുറമെ ഒരു പുതിയ 108 ആംബുലൻസ് കൂടി അനുവദിക്കാൻ യോഗത്തിൽ പങ്കെടുത്ത പുനലൂർ ആർ.ഡി.ഒ ബി.ശശികുമാറിന് മന്ത്രി നിർദ്ദേശം നൽകി.

പുനലൂരിൽ നിന്ന് കൊല്ലം വരെയുള്ള സർ‌ക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കരെ കൊണ്ടു പോകാൻ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് ബസ് സർവീസ് നടത്തുണ്ട്. ആര്യങ്കാവ്, കുളത്തൂപ്പുഴ വരെ ഈ സർവീസ് നീട്ടാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. തെന്മല ഡി.എഫ്.ഒ.സുനിൽബാബു, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ്, പുനലൂർ ഡിവൈ.എസ്.പി.അനിൽദാസ്, തെന്മല സി.ഐ.എം.വിശ്വംഭരൻ, പുനലൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെറീഫ്, ആര്യങ്കാവ് മെഡിക്കൽ ഓഫിസർ വിഷ്ണു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.