fir
പുനലൂരിന് സമീപത്തെ വാളക്കോട് കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ വീടിന് സമീപത്തെ സ്ഥലങ്ങൾ പുനലൂർ ഫയർഫോഴ്സ് ശുചീകരിച്ച് അണുവിമുക്തമാക്കുന്നു.

പുനലൂർ: പുനലൂരിന് സമീപത്തെ വാളക്കോട് സ്വദേശിനിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച പ്രദേശം ശുചീകരിച്ച് അണുവിമുക്തമാക്കി. പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ പുനലൂർ ഫയർഫോഴ്സിലെ രണ്ട് യൂണിറ്റുകൾ എത്തിയാണ് രോഗിയുടെ വിട്ടിൽ നിന്ന് 250 മീറ്റർ ചുറ്റളവിലുളള പ്രദേശങ്ങൾ ശുചീകരിച്ചത്. ഭർത്താവിനൊപ്പം ഡൽഹിയിലെ നിസാമുദ്ദീൻ പള്ളി സന്ദർശിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പിന്നീട് രണ്ടുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശം ശുചീകരിച്ച് അണുവിമുക്തമാക്കിയത്. നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, മുൻ ചെയർമാൻ കെ. രജശേഖരൻ, കൗൺസിലർമാരായ സുഭാഷ് ജി. നാഥ്, കെ.എ. ലത്തീഫ്, പ്രസന്ന കൃഷ്ണൻ, ഫയർ സ്റ്റേഷൻ ഓഫീസർ ഷിജു, ഡി.ദിനേശൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.