കൊല്ലം: ചക്കകൊടുത്താൽ മാങ്ങ, മാങ്ങ കൊടുത്താൽ വാഴപ്പഴം, വാഴപ്പഴം കൊടുത്താൽ മുട്ട ..... ആമസോണും ഫ്ലിപ്പ് കാർട്ടും സുല്ലിട്ട ലോക്ക് ഡൗൺ കാലത്ത് ചീരയും വെണ്ടയും ചക്കയും മറ്റും വാങ്ങിയും വിറ്റും പകരം കൊടുത്തും വാട്സ്ആപ്പ് വിപണികൾ വ്യാപകമാവുകയാണ് നാട്ടിപുറങ്ങളിൽ.
ലോക്ക് ഡൗണിന്റെ മൂന്നാം ദിനം മുതൽ അടുക്കളയിൽ മുട്ട തീർന്നതും പച്ചക്കറി കുറഞ്ഞതുമൊക്കെ ഗ്രൂപ്പുകളിൽ സജീവ ചർച്ചയായി. മുട്ട തീർന്നെന്ന് പറഞ്ഞവർക്ക്, മുട്ട വിൽക്കാനുണ്ടെന്ന മറുപടി ഉടനെത്തി. അതോടെ പുതിയൊരു വിപണന സാദ്ധ്യത തെളിഞ്ഞു. മുട്ട, ചീര, വെണ്ട, പച്ചമുളക്, വാഴപ്പിണ്ടി, ഏത്തക്കുല, വാഴപ്പഴം, ചക്ക, അയണി ചക്ക, ഉണക്കച്ചീനി, നാളികേരം... ആവശ്യങ്ങൾ പലതായി. അയൽപക്കങ്ങൾ തമ്മിൽ കൊടുക്കൽ വാങ്ങലിന്റെ പുതിയൊരദ്ധ്യായമാണ് കൊവിഡ് തുറന്നത്.
ഇറച്ചിക്കോഴി, പച്ചക്കറി, വളർത്ത് മത്സ്യങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവ വിൽക്കാനുള്ളവരും ഗ്രൂപ്പുകളിൽ അറിയിച്ചു. വിലയും തൂക്കവും നിശ്ചയിച്ച് വാട്സ്ആപ്പിലൂടെ തന്നെ കച്ചവടം ഉറപ്പിക്കുകയാണ്. വായനശാലകൾ, റസി. അസോസിയേഷനുകൾ, ക്ലബുകൾ, സൗഹൃദ കൂട്ടങ്ങൾ എന്നിവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഈ വഴിക്കിറങ്ങിയിട്ടുണ്ട്.
ഗുണം
വീട്ടിലെ കോഴികൾ ഇടുന്ന മുട്ടയും മട്ടുപ്പാലിലെ കോവലും വരെ കൊവിഡ് കാലത്ത് വിൽക്കാൻ സാധിക്കുന്നു. ഒരു ഏത്തക്കുല വഴിയോരത്ത് വിൽപ്പനയ്ക്ക് വച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ 10 പേർ തികച്ച് കണ്ടെന്ന് വരില്ല. പക്ഷേ നൂറ് പേരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ചിത്രവും വിലയും സഹിതം പോസ്റ്റ് ചെയ്താൽ അഞ്ച് മിനിട്ടിനുള്ളിൽ കച്ചവടം ഉറപ്പിക്കാം.
ചക്ക നൽകി മാങ്ങ!
നാട്ടിടങ്ങളിൽ അയൽ പക്ക പങ്കുവയ്ക്കലുകൾ ഇപ്പോഴും സജീവമാണ്. ചക്ക അടർത്തുമ്പോൾ നാലായി മുറിക്കും. അയലത്തെ മൂന്ന് വീടുകളിലേക്ക് ഓരോ മുറികളെത്തും. ചീരയോ മുരിങ്ങയോ മാങ്ങയോ എന്തെങ്കിലും അവിടെ നിന്ന് ഇങ്ങോട്ടും വരും. കൊവിഡ് പ്രതിസന്ധിയെ സ്നേഹത്തിന്റെ ബാർട്ടർ കാലം കൊണ്ട് മറികടക്കുകയാണിവർ.