'നമുക്കുനാമേ പണിവതു നാഗം നരകവുമതുപോലെ...'
എന്നൊരു കവി വാക്യമുണ്ട്. നാഗമെന്നാൽ കവി ഉദ്ദേശിച്ചത് സ്വർഗമെന്നാണ്. അതായത് സ്വർഗവും നരകവും ഉണ്ടാക്കുന്നത് മനുഷ്യൻ അവന്റെ പ്രവൃത്തിയിലൂടെയെന്ന് സാരം. വെറെയുമുണ്ടൊരു ചൊല്ല്. നാണമില്ലാത്തവന്റെ എവിടെയോ ആല് കിളിർത്താൽ അതും തണലാക്കുമെന്നാണത്. ഈ രണ്ടു കാര്യങ്ങളും എത്ര പ്രസക്തമെന്ന് നോക്കൂ.
ലോകത്ത് കൊവിഡ് മരണം അരലക്ഷം കവിഞ്ഞു. ലോക പൊലീസായ അമേരിക്കപോലും പേടിച്ച് വിറയ്ക്കുന്നു. ഇറ്റലിയും മറ്റു പാശ്ചാത്യ രാജ്യങ്ങളുമെല്ലാം മരണ ഭീതിയിൽ തകർന്നമരുന്നു. ലോക സമ്പദ് വ്യവസ്ഥ അതിദയനീയ അവസ്ഥയിലാണ്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ് വിദ്യയിലും വിവരത്തിലും ഒത്തിരി മുന്നിലെന്ന് മേനി പറയുന്ന കേരളീയർ.
ഈ മഹാമാരിയെ തടയിടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന നടപടികളെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. മുഖ്യമന്ത്രിയുടെ വാക്ക് തന്നെ കടമെടുക്കാം 'മനുഷ്യൻ ജീവിച്ചിരുന്നാലല്ലേ ബാക്കി കാര്യങ്ങൾക്കൊക്കെ പ്രസക്തിയുള്ളു.'
ലോകത്തെ കീഴടക്കിയ മഹാമാരിയെ തുരത്താനുള്ള രക്ഷാമരുന്നാണ് സാമൂഹ്യഅകലം. അതിനായി പൊലീസും അരലക്ഷത്തിലേറെ വരുന്ന ആരോഗ്യ പ്രവർത്തകരും നടത്തുന്ന ശ്രമങ്ങളെല്ലാം ജീവൻ പണയം വച്ചുള്ളതാണ്. നാടിന്റെ ജീവൻ കാക്കാൻ രാപകലില്ലാതെ ഇവരോടുന്നു. ഇവർ നടത്തുന്ന സേവനങ്ങൾക്കാകട്ടെ പുല്ലുവിലയാണ് കുറച്ചുപേർ നൽകുന്നത്. ആരും കൂട്ടം കൂടരുതെന്നും യാത്ര ചെയ്യരുതെന്നും പറയുമ്പോഴും അത്യാവശ്യയാത്രകളെല്ലാം അനുവദിക്കുന്നുമുണ്ട്. പക്ഷേ ചിലർ നടത്തുന്നത് നാടിനെയും സർക്കാരിനെയുമൊക്കെ വെല്ലുവിളിച്ചുള്ള കളിയാണ്.
നിയമലംഘനത്തിന് സിറ്റി പൊലീസും റൂറൽ പൊലീസും രണ്ടായിരത്തിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസിന്റെ ബാഹുല്യം നോക്കിയാലറിയാം ഈ വൃത്തികെട്ട വെല്ലുവിളിയുടെ ഉള്ളുകളികൾ.
വീട്ടിലിരിക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുമ്പോൾ ജില്ലയിൽ നടന്നത് ദാ ഇങ്ങനെയൊക്കെയാ.
കാറിൽ കറങ്ങാനിറങ്ങുക, രഹസ്യമായി പിറന്നാൾ ആഘോഷിക്കുക, ആഘോഷത്തിന് ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തുക, ആഘോഷം നടത്തരുതെന്ന് നാടിനുവേണ്ടി പറയാൻ വന്നവരെ കൂട്ടം ചേർന്ന് ഇടി കൊടുക്കുക, ബീച്ചിൽ കാറ്റുകൊള്ളാൻ ചെറു സംഘങ്ങളായി വന്ന് ഒത്തുചേരുക, പണം വച്ചുള്ള ചീട്ടുകളിക്ക് ആളെ കൂട്ടുക, കടകളിൽ കൂട്ടമായെത്തുക, കൂട്ടമായി മീൻ വാങ്ങാനെത്തുക, കല്യാണത്തിന് സദ്യവട്ടം രഹസ്യമായി സജ്ജമാക്കുക, മുന്തിയ ക്ലബുകാർ രഹസ്യമായി കൂട്ടംചേരുക, കൂട്ടമായി മദ്യപിക്കുക, ആളെക്കൂട്ടി പ്രാർത്ഥന നടത്തുക... ഇത്രയൊക്കെ പോരെ ?
കൊവിഡിനെ തുരത്തേണ്ടത് സർക്കാരിന്റെയോ പൊലീസിന്റെയോ മാത്രം ബാദ്ധ്യതയാണെന്ന് കരുതുന്നത് മോശത്തരമല്ലാതെ മറ്റൊന്നുമല്ല. വൈറസ് വ്യാപനം തടയൽ സമൂഹത്തിന്റെയാകെ ബാദ്ധ്യതയായി കാണേണ്ടതല്ലേ ?.
വൈറസിനെ തുരത്താനുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഏക മരുന്നാണ് സാമൂഹ്യഅകലം പാലിക്കൽ. അത് നടപ്പാക്കാൻ വരുന്നവരെ ഇടിച്ചോടിച്ചാൽ ഈ നാടൊന്നാകെ ദുരന്തത്തിലാകുമെന്ന സാമാന്യ മര്യാദയെങ്കിലും കാണിക്കേണ്ടതല്ലേ. കൂട്ടം കൂടിയതിന് ഇറ്റലിയിൽ കൂട്ടമായാണ് ശവം വെട്ടി മൂടുന്നത്. ശവസംസ്‌കാരത്തിനുള്ള മതപരമായ ചടങ്ങുകൾ പോലും നടത്താനാവുന്നില്ല. ഉറ്റ ബന്ധുക്കൾക്ക് പ്രിയപ്പെട്ടവരുടെ ദേഹം ഒരുനോക്ക് കാണാനാവുന്നില്ല. അന്ത്യ ചുംബനമില്ല, എന്തിന് ഒന്ന് തൊടാൻ പോലുമാവുന്നില്ല. കരളിന്റെ കരളല്ലേയെന്ന് പരസ്പരം പറഞ്ഞ് നടന്നവർക്ക് സംസ്‌കാര സ്ഥലത്ത് ഒന്നു നിൽക്കാൻ പോലും കഴിയുന്നില്ല. എത്ര ഭീകരമാണ് ലോകത്തിന്റെ സ്ഥിതിയെന്ന് അറിയാത്തവരാണോ കൊല്ലത്തുകാർ.
സ്വാതന്ത്ര്യം ഉത്തരവാദിത്വമാണല്ലോ. ഓരോരുത്തരുടെയോ ഓരോ കുടുംബത്തിന്റെയോ, ഗ്രൂപ്പുകളുടെയോ ഇഷ്ടങ്ങളും സ്വാതന്ത്ര്യവും മറ്റുള്ള ജനലക്ഷങ്ങളുടെ ഇഷ്ടത്തെയും നിലനിൽപ്പിനെയും ബാധിക്കുന്നതാകാമോ? അത് ഏത് അർത്ഥതലത്തിലെടുത്താലും മറ്റുള്ളവർക്കും സഹജീവികൾക്കും നൊമ്പരമാകാമോ? നാണമില്ലേ എന്ന് സാധാരണ ചോദിക്കുന്നത് ചെയ്തിയിലുള്ള ഇഷ്ടക്കേടുകൊണ്ടല്ലേ, അരുതാത്തത് ചെയ്യുന്നതാണല്ലോ നാണക്കേട്. കൊല്ലംകാരനും ഇതേ പറയാനുള്ളു. സമൂഹത്തെ ഓർത്തെങ്കിലും കുറച്ച് നാണം കാണിക്കണം. മഹാമാരിയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി സമൂഹഅകലം പാലിക്കണം. ശവക്കൂനകൾ കാണാനുള്ള നിർഭാഗ്യം നാം തന്നെ നമുക്കായി സൃഷ്ടിക്കരുത്.