f
സൗജന്യ റേഷൻ മറിച്ച് വിൽക്കാനുള്ളതല്ല: വിൽക്കുന്നവരും വാങ്ങുന്നവരും കുടുങ്ങും

കൊല്ലം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചതിന് പിന്നാലെ റേഷൻ ധാന്യങ്ങൾ കരിഞ്ചയിലേക്ക് ഒഴുകുന്നു. കൊല്ലം നഗരത്തിൽ നിന്ന് വെള്ളിയാഴ്ച പൊലീസ് പിടിച്ചെടുത്തത് 19 കിലോ റേഷൻ ധാന്യങ്ങളാണ്. 700 കിലോയിലേറേ റേഷനരിയും 50 കിലോയിലേറെ ഗോതമ്പുമാണ് പള്ളിത്തോട്ടത്തെ രണ്ടിടങ്ങളിൽ പൂഴ്ത്തിവച്ചിരുന്നത്.

സൗജന്യറേഷൻ വാങ്ങിയവരിൽ നിന്ന് വില കൊടുത്ത് വാങ്ങിയെന്നാണ് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞതെങ്കിലും വിശ്വസനീയമല്ല. റേഷന്റെ വാതിൽപ്പടി വിതരണം ആരംഭിച്ചതിനാൽ മൊത്ത വിതരണ കേന്ദ്രങ്ങളിൽ നിന്ന് കരിഞ്ചന്തയിലേക്ക് പോകാനുള്ള സാദ്ധ്യത ഇല്ലാതായി. റേഷൻ കടകളിൽ നിന്ന് ധാന്യങ്ങൾ പുറത്ത് പോയിരിക്കാനുള്ള സാദ്ധ്യതയാണ് പൊലീസും പരിഗണിക്കുന്നത്. റേഷൻ കടകളിലൂടെയുള്ള സൗജന്യ റേഷൻ വിതരണം, അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള സൗജന്യ ധാന്യ വിതരണം എന്നിവയുടെ തിരക്കിലാണ് സിവിൽ സപ്ലൈസ് വകുപ്പ് ഒന്നാകെ.

ലോക്ക് ലൗൺ നടപ്പിൽ വരുത്തേണ്ട ചുമതലയിൽ നിൽക്കുന്ന പൊലീസിന് റേഷൻ കള്ളക്കടത്തിന്റെ വഴി തിരഞ്ഞ് പോകാനുള്ള സമയവും മുന്നിലില്ല. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതിനാലാണ് രണ്ടിടങ്ങളിൽ പരിശോധന നടത്താനും കരിഞ്ചന്തയിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ധാന്യങ്ങൾ പിടിച്ചെടുക്കാനും പള്ളിത്തോട്ടം പൊലീസിനായത്. സംസ്ഥാനം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് മുഴുവൻ കാർഡ് ഉടമകൾക്കുമായി റേഷൻ കടകളിൽ സർക്കാർ ഭക്ഷ്യ ധാന്യങ്ങളെത്തിച്ചത്. പൊലീസും സിവിൽ സപ്ലൈസും ക്രമാതീതമായ തിരക്കുകളിൽ അമർന്ന സാഹചര്യത്തെ അനുകൂലമാക്കി റേഷൻ കടത്ത് സജീവമാകുന്നുവെന്നാണ് വിവരം. എല്ലാ പ്രധാന കവലകളിലും പൊലീസ് പരിശോധന നടക്കുന്നതിനാൽ റേഷൻ കടത്തിന് പുതിയ മാർഗങ്ങൾ സ്വീകരിക്കാനാണ് സാദ്ധ്യത.

കുറ്റകരമാണ്

ഉന്നത ഗുണനിലവാരമുള്ള പുഴുക്കലരിയും കുത്തരിയുമാണ് സൗജന്യ വിതരണത്തിനായി എത്തിച്ചത്. 15 മുതൽ 20 വരെ രൂപ നൽകി കാർഡ് ഉടമകളിൽ നിന്ന് ഇത് വാങ്ങാൻ ശ്രമിക്കുന്ന സംഘങ്ങൾ സജീവമാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ധാന്യങ്ങൾ വിൽക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ കുറ്റക്കാരാണ്.

''

പരാതികളില്ലാതെ റേഷൻ വിതരണം പുരോഗമിക്കുകയാണ്. കൊല്ലത്ത് റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിൽ നിന്ന് പൊലീസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

സിവിൽ സപ്ലൈസ് വകുപ്പ്