കൊല്ലം: ''ഇനി രണ്ട് ആഗ്രഹങ്ങളേയുള്ളൂ. അമ്മയുടെ കുഴിമാടത്തിനു മുന്നിലൊന്ന് പോകണം. എന്റെ വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണം. ലക്ഷങ്ങളുടെ കടമുണ്ട്. അത് എങ്ങനെ തീർക്കുമെന്നറിയില്ല.'' പ്രാക്കുളം സ്വദേശിയുടെ കണ്ഠമിടറി....
ജില്ലയിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച നാൽപ്പത്തഞ്ചുകാരൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിലിരുന്ന് കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു.
''രോഗമുണ്ടെന്നറിയാതെ ഞാൻ പോയ ആശുപത്രികളിലെ ജീവനക്കാരോടും ഭീതിയിലായ നാട്ടുകാരോടും മാപ്പ് ''.
''കായലിലെ മത്സ്യബന്ധനമായിരുന്നു ജോലി. വിവാഹം കഴിഞ്ഞ് 17 വർഷമായെങ്കിലും മക്കളില്ല. കുടുംബ ഓഹരി വിറ്റും കടം വാങ്ങിയും കുറച്ച് ഭൂമി വാങ്ങി. പഞ്ചായത്തിൽ നിന്നനുവദിച്ച 75,000 രൂപയും ബാങ്ക് വായ്പയുമെടുത്ത് വീടുപണി തുടങ്ങി. തികയാതായപ്പോൾ പണം പലിശയ്ക്കെടുത്തു. ഈ കടം തീർക്കാനാണ് ദുബായിലേക്ക് പോയത്. ആദ്യം ബാങ്ക് വായ്പ തീർക്കാൻ ശ്രമിച്ചു. ഇതോടെ പലിശക്കാരിൽ നിന്ന് വാങ്ങിയ കടം കൂട്ടുപലിശ സഹിതം പെരുകി.
കടം പെരുകിയതോടെ ഭാര്യ ചിട്ടി തുടങ്ങി. കുറി അടിച്ചവർ ചതിച്ചതോടെ ചിട്ടി പൊളിഞ്ഞു. പലിശക്കാരും ചിട്ടിക്കാരും പ്രശ്നം ഉണ്ടാക്കിയതോടെ ഭാര്യ വീട് പൂട്ടിയിറങ്ങി. കടം വീട്ടാനായി വീട്ടുജോലി ചെയ്യുകയാണിപ്പോൾ.
കടമെല്ലാം തീർത്തിട്ട് നാട്ടിലേക്ക് വരാമെന്ന് കരുതിയതാണ്. എന്നാൽ രക്തസമ്മർദ്ദം ഉയർന്ന് ഓഫീസിൽ തളർന്നുവീണു. നാട്ടിലെത്തി ചികിത്സിച്ചശേഷം മേയ് 14ന് തിരികെ പോകാനുള്ള ടിക്കറ്റുമെടുത്താണ് വന്നത്. ഓഫീസിൽ ആർക്കും രോഗമില്ല. താമസിക്കുന്ന മുറിയിലും ആർക്കും രോഗമില്ല. പിന്നെ എനിക്കെങ്ങനെ വന്നെന്നറിയില്ല" അദ്ദേഹം പറഞ്ഞു.
''ഒന്നര വർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ പലിശക്കാരെ പേടിച്ച് കുരീപ്പുഴയിലെ വീട്ടിലേക്ക് പോയില്ല. മൂന്നുവർഷം മുമ്പ് മരിച്ച അമ്മയുടെ കുഴിമാടത്തിലും പോകാനായില്ല. പലിശക്കാരെ പേടിച്ചാണ് ഇപ്പോഴും സ്വന്തം വീട്ടിൽ പോകാതെ ഭാര്യാ സഹോദരിയുടെ പ്രാക്കുളത്തെ വീട്ടിലേക്ക് വന്നത്. പക്ഷേ, ഞാൻ കുരീപ്പുഴയിൽ കറങ്ങിനടന്നുവെന്ന് പറഞ്ഞുപരത്തുകയാണ്.''
-പ്രാക്കുളം സ്വദേശി