f
സാമൂഹിക അടുക്കളകൾ

കൊല്ലം: കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്ന സാമൂഹിക അടുക്കളകൾക്ക് പുതുക്കിയ പ്രവർത്തന നിർദ്ദേശം നൽകി സർക്കാർ ഉത്തരവ്. ഇവിടെനിന്നുള്ള ഭക്ഷണം അനർഹരായവർക്കും നൽകുന്നുവെന്ന പരാതിയെ തുടർന്നാണിത്. സൗജന്യ ഭക്ഷണ ലഭ്യതയ്ക്ക് അർഹതയുള്ളവരെക്കുറിച്ചുള്ള വിശദാംശങ്ങളും ഉത്തരവിലുണ്ട്.

ഭക്ഷണ ലഭ്യതയ്ക്ക് അർഹരായവർ

1. അഗതികൾ (ആശ്രയ, അഗതി രഹിത കേരളം പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ളവർ)

2. തദ്ദേശ സ്വയംഭരണ സ്ഥാപനം കണ്ടെത്തി പുനരധിവസിപ്പിച്ചവർ, ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നവർ, തെരുവുകളിൽ അന്തിയുറങ്ങുന്നവർ

3. അന്യസംസ്ഥാന തൊഴിലാളികൾ (അവരുടെ അഭ്യർത്ഥനയും ആവശ്യവും പരിഗണിച്ച്)

4. സാന്ത്വന പരിചരണത്തിൽ കഴിയുന്നവർ, കിടപ്പ് രോഗികൾ

5. സ്വയം പാചകം ചെയ്യാൻ കഴിയാത്തതും സാമ്പത്തികമായി മെച്ചപ്പെട്ടതല്ലാത്തതുമായ പൗരൻമാർ

6. ആദിവാസി ഊരുകളിൽ താമസിക്കുന്ന ഭക്ഷണം ആവശ്യമുള്ളവർ

7. ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങൾ

8. ഭക്ഷണം തയ്യാറാക്കാൻ സാധിക്കാത്ത സാഹചര്യമുള്ള കെയർ ഹോമുകളിലെ അന്തേവാസികൾ

9. സിവിൽ സപ്ലൈസ് വകുപ്പ് വിതരണം ചെയ്ത് അരി ലഭിക്കാത്ത നിർദ്ധനർ

സാമൂഹിക അടുക്കളുകളുടെ ഫണ്ട് സ്രാതസ്

സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന സാമൂഹിക അടുക്കളകൾ ഫണ്ട് കണ്ടെത്തേണ്ടത് പ്രധാനമായും സ്പോൺസർഷിപ്പിലൂടെയാണ്. സഹായം ലഭിക്കാത്ത പഞ്ചായത്തുകൾക്ക് തനത് ഫണ്ട് ഉപയോഗിക്കാം. തനത് ഫണ്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന ഫണ്ടുകൾ നിർദ്ദേശങ്ങൾക്ക് വിധേയമായി ഉപയോഗിക്കാം.

അടുക്കളകളിലെ മാനവ വിഭവശേഷി

150 പേർക്ക് ഭക്ഷണ വിതരണത്തിന് ഒരു സമയം രണ്ട് മുതൽ മൂന്ന് വരെ സന്നദ്ധ പ്രവർത്തകർ മതിയാകും. അധികമായി വരുന്ന ഓരോ നൂറ് ഭക്ഷണത്തിനും ഒരു സന്നദ്ധ പ്രവർത്തകൻ മതിയാകും. എല്ലാ സന്നദ്ധ സേവന പാസുകളും ജില്ലാ കളക്ടർ അംഗീകരിക്കണം. ജോലിയുടെ ദിവസവും സമയക്രമവും കൃത്യമായി രേഖപ്പെടുത്തണം. സന്നദ്ധ പ്രവർത്തനമായതിനാൽ ഓണറേറിയം ലഭിക്കില്ല.