തഴവ: എറണാകുളത്തു നിന്നും ജീവൻ രക്ഷാമരുന്ന് രോഗിയുടെ വീട്ടിലെത്തിച്ച് കരുനാഗപ്പള്ളിയിലെ അഗ്നിശമന സേനാംഗങ്ങൾ മാതൃകയായി. ചങ്ങൻകുളങ്ങര സായി കമൽദീപ് ഭവനിലെ ദീപ്തിക്കാണ് മൾട്ടിപ്പിൾ സ്ക്ളിറോസിസ് എന്ന രോഗത്തിനുള്ള മരുന്ന് എറണാകുളം അസീസിയ മെഡിക്കൽ കോളേജിൽ നന്നും വീട്ടിലെത്തിച്ചു കൊടുത്തത്.
ഗതാഗത നിയന്ത്രണം ശക്തമായ സാഹചര്യത്തിൽ മരുന്ന് വാങ്ങാൻ മറ്റ് മാർഗമില്ലാതെ ഇവർ കരുനാഗപ്പള്ളി അഗ്നിശമന സേനയുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. വിവിധ ഫയർസ്റ്റേഷനുകളുടെ സേവനം ഏകീകരിപ്പിച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ മരുന്ന് കരുനാഗപ്പള്ളിയിലെത്തിച്ചത് തുടർന്ന് 9.30 ന് ചങ്ങൻകുളങ്ങരയിലെ വസതിയിലെത്തി മരുന്ന് രോഗിക്ക് കൈമാറി. അഗ്നിശമന സേനാംഗങ്ങളായ എസ്. വിഷ്ണു , വി. വിജേഷ്, അനീഷ് കെ. കുമാർ എന്നിവരാണ് രോഗിക്ക് മരുന്ന് കൈമാറാനെത്തിയത്.