625 ക്യാമ്പുകളിലായി 5,950 അന്യസംസ്ഥാന തൊഴിലാളികൾ
കൊല്ലം: ലോക്ക് ഡൗൺ ദുരിതം അനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും കരുതലിനുമായി കൊല്ലം റൂറൽ പൊലീസിന്റെ ഇടപെടൽ. റൂറൽ പൊലീസ് പരിധിയിലെ തൊഴിലാളി ക്യാമ്പുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാക്കി. ക്രൈം ഡ്രൈവ് എന്ന പോലീസ് സോഫ്ട് വെയർ ഉപയോഗിച്ച് നടത്തിയ വിവര ശേഖരണത്തിൽ റൂറൽ ജില്ലയിൽ 625 ക്യാമ്പുകളിലായി 5,950 അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽപുറത്ത് നിന്നുള്ളവർപ്രവേശിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും അടിയന്തര സന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ടുന്ന 112 എന്ന നമ്പരും കൊവിഡ് കൺട്രോൾ റൂം നമ്പരായ 0474 2450868, 9497931000 എന്നീ നമ്പരുകളും പ്രദർശിപ്പിക്കുകയും ചെയ്തു. എല്ലാ ക്യാമ്പുകളുടെയും ചാർജുള്ള പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളെ ചുമതലപ്പെടുത്തി.
ക്യാമ്പുകൾ മൂന്ന് ഗ്രേഡായി തിരിച്ചു
അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ക്യാമ്പുകളെ മൂന്ന് ഗ്രേഡായി തിരിച്ചു. 100 നടുത്ത് തൊഴിലാളികളുള്ള ഗ്രേഡ് 1 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചുമതല ഡിവൈ.എസ്.പി മാർക്കാണ്. 50 നടുത്ത് തൊഴിലാളികളുള്ള ഗ്രേഡ് 2 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചുമതല സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും 50ൽ താഴെ തൊഴിലാളികളുള്ള ഗ്രേഡ് 3 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചുമതല സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മൈഗ്രന്റ് ലേബേഴ്സ് ലെയ്സൺ ഓഫീസർക്കും നിശ്ചയിച്ച് നൽകി. ചുമതല നൽകിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്താൻ എല്ലാ ദിവസവും ക്യാമ്പുകൾ സന്ദർശിക്കണം.
''
ജനമൈത്രി ബീറ്റ് ഓഫീസർമാർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്യാമ്പുകളിൽ ദിവസവും സന്ദർശനം നടത്തി ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകി. സ്പെഷ്യൽ ബ്രാഞ്ച് വഴി പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
ഹരിശങ്കർ
റൂറൽ ജില്ലാ പൊലീസ് മേധാവി