fireman-1
കൊട്ടിയം മൈലക്കാട് ഇറക്കത്തിന് സമീപം ചപ്പുചവറുകൾക്ക് തീപിടിച്ചത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അണയ്ക്കുന്നു

ചാത്തന്നൂർ: മൈലക്കാട് ദേശീയപാതയ്ക്ക് സമീപം ഗൃഹനാഥൻ ചപ്പുചവറുകൾക്ക് തീയിട്ട് പടർന്നുപിടിച്ചത് കെടുത്താനെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഉദ്യോഗസ്ഥന് പരിക്കേറ്റു. കടപ്പാക്കട ഫയർസ്റ്റേഷൻ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ ഹരീഷ് കുമാറിനാണ് കാലിൽ പൊള്ളലേറ്റത്.

ഇന്നലെ രാവിലെ എട്ടരയോടെ ദേശീയപാതയിൽ കൊട്ടിയം മൈലക്കാട് ഇറക്കത്തിന് സമീപം എ.ആർ ബംഗ്ളാവിൽ മുഹമ്മദ് ഖാനാണ് തന്റെ വീടിന് പുറക് വശത്ത് വയലിനോട് ചേർന്ന് കുന്നുകൂടിയ വേസ്റ്രിന് തീയിട്ടത്. സ്പോഞ്ച്, റബ്ബർ, പ്ളാസ്റ്റിൾ ഉൾപ്പെടെയുണ്ടായിരുന്ന മാലിന്യക്കൂനയിൽ തീ പടർന്നുപിടിച്ച് രൂക്ഷമായ പുക ഉയർന്നതോടെ സമീപവാസികൾ പരിഭ്രാന്തരായി.

സംഭവ സമയം അതുവഴി പോകുകയായിരുന്ന ചാത്തന്നൂർ എ.സി.പിയാണ് പ്രദേശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് കൊട്ടിയം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. കൊല്ലത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിലുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി മൂന്ന് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെയാണ് ഹരീഷ് കുമാറിന് പരിക്കേറ്റത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കി മാറ്റിയതോടെയാണ് പുക നിയന്ത്രണ വിധേയമായത്.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയ്ക്കെതിരെ കൊട്ടിയം പൊലീസ് മലിനീകരണ നിയമ പ്രകാരം കേസെടുത്തു. ചാത്തന്നൂർ എ.സി.പി ജോർജ്ജ് കോശി, കൊട്ടിയം സി.ഐ ദിലീഷ്, ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോൺ, കൊട്ടിയം എസ്.ഐ അനിൽ എന്നിവരും സംഭവ സ്ഥലത്തെത്തിയിരുന്നു.

 എ.സി.പിയെ തടഞ്ഞു, സ്ഥലത്ത് സംഘർഷം; ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു

മാലിന്യക്കൂനയ്ക്ക് തീപിടിച്ചതോടെ ദേശീയപാതയിലുൾപ്പെടെ രൂക്ഷമായ പുകകൊണ്ട് നിറഞ്ഞു. ഈ സമയം ഇതുവഴി കടന്നുപോകുകയായിരുന്ന ചാത്തന്നൂർ എ.സി.പി ജോർജ്ജ് കോശി വിവരം തിരക്കി വീട്ടിലെത്തി. എന്നാൽ ഫയർഫോഴ്സിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഇടപെടേണ്ടെന്നും പറഞ്ഞ് ഗൃഹനാഥനായ മുഹമ്മദ് ഖാൻ എ.സി.പിയെ തടഞ്ഞതോടെ സ്ഥലത്ത് സംഘാർഷാവസ്ഥ ഉണ്ടായി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്രേഷനിലേക്ക് മാറ്രി.