c
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തള്ളി: ഇന്നലെ അറസ്റ്റിലായത് 451 നിയമലംഘകർ

കൊല്ലം: സർക്കാർ നിർദേശങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും അവഗണിച്ച് നിരത്തിലിറങ്ങിയ 451 പേർ ഇന്നലെ ജില്ലയിൽ അറസ്റ്റിലായി. 443 കേസുകളിലായി 365 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇടറോഡുകൾ, ഉൾഗ്രാമങ്ങൾ എന്നിവിടങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും തുടരുകയാണ്. ഇന്നലെ കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ 229 കേസുകളിലായി 236 പേരെ അറസ്റ്റ് ചെയ്ത പൊലീസ് 198 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലം സിറ്റിയിൽ 214 കേസുകളിലായി 215 പേരെ അറസ്റ്റ് ചെയ്ത് 167 വാഹനങ്ങൾ പിടിച്ചെടുത്തു. കിളികൊല്ലൂർ എസ്.വി ടാക്കീസിന് സമീപം നിയന്ത്രണങ്ങൾ അവഗണിച്ച് തടിമിൽ പ്രവർത്തിപ്പിച്ചതിന് ഉടമ ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൈലാപ്പൂരിൽ മാടിനെ വെട്ടി പരസ്യമായി വിൽപ്പന നടത്തി ആളെ കൂട്ടിയതിന് പുഞ്ചിരിമുക്ക് സ്വദേശി മുനീറിനെ അറസ്റ്റ് ചെയ്തു. ചാത്തന്നൂരിൽ തെരുവിൽ അലഞ്ഞുനടന്ന ആറുപേരെ പൊലീസ് ഇടപെട്ട് കൊല്ലത്തെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.