f
ഇന്ന് മുതൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള തീരുമാനം മാറ്റി

കൊല്ലം: ജില്ലയിലെ പെട്രോൾ പമ്പ് ഉടമകൾ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചതായി ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം പമ്പുകളിലെ കച്ചവടം രണ്ട് ശതമാനമായി കുറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഇടപെടാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്. ഇതിനിടെ ജില്ലയിലെ ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെടുകയും മുഖ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടക്കമുള്ള പെട്രോളിയം കമ്പനികൾ ഡീലർമാരോട് കാട്ടുന്ന വിട്ടുവീഴ്ചയില്ലാത്ത കച്ചവട സമീപനം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ജില്ലയിലെ പാർലമെന്റ് അംഗങ്ങൾ വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് അസോ. ജില്ലാ പ്രസിഡന്റ് മൈതാനം വിജയൻ സെക്രട്ടറി സഫ അഷറഫ് എന്നിവർ അറിയിച്ചു.