1984 ൽ റിലീസായ 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രമാണ് നദിയ മൊയ്തുവിന്റെ ആദ്യ സിനിമ. ഫാസിലാണ് ചിത്രം സംവിധാനം ചെയ്തത്. പത്മിനി അവതരിപ്പിച്ച കുഞ്ഞൂഞ്ഞമ്മ തോമസിന്റെ ചെറുമകളുടെ കഥാപാത്രമാണ് ചിത്രത്തിൽ നാദിയ അവതരിപ്പിച്ചത്.ഗേളി മാത്യു എന്നായിരുന്നു നദിയയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ 'ആയിരം കണ്ണുമായ്' എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികൾ ചുണ്ടിൽ മൂളുന്നുണ്ട്. നദിയയുടെ എക്കാലത്തെയും മികച്ച റോളുകളിലൊന്നാണ് ഗേളി മാത്യു. ആ കഥാപാത്രത്തിലൂടെ സിനിമാപ്രമികളുടെ മനസിൽ ചിര പ്രതിഷ്ഠ നേടിയ നദിയ മൊയ്തു ലോക്ക് ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. താരം പങ്കുവച്ച ആദ്യ പോസ്റ്റും ഫാസിലിനൊപ്പമുള്ള 'നോക്കെത്താ ദൂരത്ത് കണ്ണും നട്ടി'ന്റെ ലൊക്കേഷൻ ചിത്രമാണ്. 'എന്റെ ആദ്യചിത്രം.സംവിധായകൻ ഫാസിലിനോടാണ് ഞാൻ എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നത്' എന്ന് ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്.