കൊവിഡിനെതിരെ പോരാടാൻ രാജ്യം ലോക്ക്ഡൗണിലാണ്. പത്ത് ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് അവശ്യ സാധനങ്ങൻ വാങ്ങാൻ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടി കനിഹ. സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചു കൊണ്ടാണ് തന്റെ അനുഭവം കനിഹ പങ്കുവച്ചത്. ഒഴിഞ്ഞ നിരത്തിലൂടെ വണ്ടിയോടിച്ചു വന്നപ്പോൾ കരഞ്ഞുപോയി എന്നാണ് കനിഹ പറയുന്നത്.
കനിഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്:
" കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടിൽ കഴിയുകയായിരുന്നു. അവശ്യസാധനങ്ങൾ വാങ്ങാൻ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് ചില സത്യങ്ങൾ മനസിലാക്കിയത്. നാം നേരിടുന്ന അവസ്ഥയുടെ യഥാർത്ഥ ചിത്രം ഉൾക്കൊള്ളുക എന്നത് തീർത്തും ഭയം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണെന്ന് അറിയില്ല, ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോൾ ഞാൻ കരഞ്ഞു പോയി. ഈ അവസ്ഥയുമായി നമ്മൾ പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ധാരണയില്ലെങ്കിലും നമ്മുടെ കുട്ടികളും ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു. അവർക്കറിയില്ല, എന്തുകൊണ്ടാണ് അവരെ പുറത്തു കളിക്കാൻ അനുവദിക്കാത്തതെന്ന്. എപ്പോഴും പുറത്തു ജീവിക്കുന്ന മുതിർന്നവർ അകത്ത് അടച്ചിരിക്കുന്നതിന്റെ കാരണവും അവർക്ക് അറിയില്ല. നമ്മളിൽ പലർക്കും ഇപ്പോൾ വരുമാനമില്ല. ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് ഈ ദിവസങ്ങളെ നേരിടുന്നത്. ഞാൻ കരഞ്ഞു പോയി''- കനിഹ കുറിച്ചു.