nayan

ഫിലിം എംപ്‌ളോയീസ് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യയിലെ (FEFSI) ദിവസവേതന ജീവനക്കാർക്ക് നയൻ‌താര 20 ലക്ഷം സഹായതുക നൽകി. തമിഴ് സിനിമാ മേഖലയിലെ തൊഴിലാളികൾക്കാണ് ഈ സഹായം ലഭിക്കുക. കൊറോണ വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സിനിമ-ടെലിവിഷൻ മേഖലയിലെ ഷൂട്ടിംഗുകൾ പൂർണമായും നിറുത്തിയിരിക്കുകയാണ്. അതോടെ ഉപജീവനമാർഗം ഇല്ലാതായ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാൻ താരങ്ങൾ മുൻകൈ എടുക്കണമെന്ന് സംഘടനാ പ്രസിഡന്റ് ആർ.കെ സെൽവമണി അഭ്യർത്ഥിച്ചിരുന്നു.

സാമ്പത്തിക സഹായത്തിന് പുറമേ ബുദ്ധിമുട്ടിൽ കഴിയുന്ന ഇവർക്കുള്ള അരിയും മറ്റ് പലചരക്ക് സാധനങ്ങളും പല താരങ്ങളും എത്തിച്ചുകൊടുത്തിരുന്നു. ശിവകാർത്തികേയൻ, സൂര്യ, വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ ദിവസ വേതനക്കാർക്ക് സാമ്പത്തിക സഹായവുമായി രംഗത്ത് എത്തിയിരുന്നു. നയൻതാരയെ കൂടാതെ തമിഴ് താരം ഐശ്വര്യ രാജേഷും ഒരു ലക്ഷം രൂപയുടെ സഹായം നൽകിയിരുന്നു.