neendakara

 പരമ്പരാഗത യാനങ്ങൾക്ക് കടലിൽ പോകാം

 ഇറക്കാനാകാതെ 1600 ബോട്ടുകൾ

കൊല്ലം: കൊവിഡ് 19 കാലത്തെ ലോക്ക് ഡൗണിൽ കൊല്ലത്തെ മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന 20,000 ത്തിലേറെ തൊഴിലാളികൾ ദുരിതത്തിൽ. ട്രോളിംഗ് ബോട്ടുകൾ, തട്ടുമടി, കമ്പവല, റിംഗ്സീൻ തുടങ്ങിയ മേഖലകളിൽ മത്സ്യബന്ധനം നിരോധിച്ചതോടെ 1600 ലേറെ യാനങ്ങൾക്ക് കൊല്ലം തീരത്ത് നിന്ന് കടലിൽ പോകാൻ കഴിഞ്ഞിട്ടില്ല.

1300 ലേറെ ട്രോളിംഗ് ബോട്ടുകൾ മാത്രം കൊല്ലത്തുണ്ട്. ബോട്ടിൽ പോകുന്ന തൊഴിലാളികൾ, മൊത്ത വിതരണക്കാർ, താഴെ തട്ടിലെ കച്ചവടക്കാർ, മത്സ്യക്കടകൾ തുടങ്ങി മത്സ്യബന്ധന മേഖല താങ്ങാകുന്ന കുടുംബങ്ങളുടെ എണ്ണം ഏറെയാണ്. ലോകത്താകെ കൊവിഡ് വ്യാപനം തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി ആദ്യവാരം തന്നെ പ്രതിസന്ധികൾ തുടങ്ങിയിരുന്നു. ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള മത്സ്യ കയറ്റുമതി ഫെബ്രുവരി രണ്ടാം വാരത്തോടെ പൂർണമായും നിലച്ചു. പിന്നീട് പ്രാദേശിക വിപണി മാത്രമായിരുന്നു ആശ്രയം. പക്ഷേ വിദേശ കയറ്റുമതിയിലൂടെ ലഭിച്ചിരുന്ന നേട്ടം പ്രാദേശിക വിപണിയിൽ നിന്ന് ലഭിച്ചില്ല. പിന്നാലെ പൂർണ ലോക്ക് ഡൗണിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ ട്രോളിംഗ് നിരോധന കാലത്തേക്കാൾ തീവ്രമായ വറുതിയിലേക്ക് കൊല്ലം തീരം മാറുകയാണ്. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ കടലിൽ പോകാൻ അനുമതി. വാടി, തങ്കശേരി ഭാഗങ്ങളിലെ തൊഴിലാളികൾക്ക് ഇതിലൂടെ ആശ്വാസം ലഭിക്കുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതോടെ ഫോർമാലിൻ കലർന്ന വിഷ മത്സ്യങ്ങൾ വൻ തോതിൽ ജില്ലയിലെത്തുന്നുണ്ട്.

ട്രോളിംഗ് കാലത്ത് പ്രതിസന്ധി ഇരട്ടിയാകും

ലോക്ക് ഡൗൺ കെടുതികൾ അവസാനിക്കുമ്പോഴേക്കും മത്സ്യങ്ങളുടെ പ്രജനന കാലത്തിനായി ട്രോളിംഗ് നിരോധനം നിലവിൽ വരും. അതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും നിലപാട്. ട്രോളിംഗ് നിരോധനം ഇത്തവണ ഒഴിവാക്കണമെന്ന ആവശ്യത്തിലാണ് ആൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

കൊക്കുകൾ ചത്തത്,

വറുതിയുടെ അടയാളം

നീണ്ടകര മത്സ്യബന്ധന തുറമുഖത്തെ കൊക്കുകൾ കൂട്ടത്തോടെ ചത്തത് കൊല്ലത്തിന്റെ തീര മേഖല അനുഭവിക്കുന്ന വറുതിയുടെ അടയാളമാണ്. നീണ്ടകര തുറമുഖം നിശബ്ദമായപ്പോൾ ഇവിടുത്തെ നൂറ് കണക്കിന് കൊക്കുകൾക്ക് ഭക്ഷണം ഇല്ലാതായി. മറ്റെങ്ങും പോയി തീറ്റ തേടിയ പരിചയവും ഇവിടുത്തെ കൊക്കുകൾക്കില്ല. അവശരായി ഇരുന്ന നൂറിലേറെ കൊക്കുകളെ വിശന്ന് നടന്ന തെരുവ് നായകൾ പിടിച്ച് ഭക്ഷിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നെത്തിയ സംഘം ചത്ത കൊക്കുകളെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ഭക്ഷണം കിട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞതിനാൽ കുടൽ ചുരുങ്ങിയ നിലയിലായിരുന്നു. ഇപ്പോൾ കൊക്കുകളുടെ ഭക്ഷണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

''

ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് അടിയന്തരമായി 10,000 രൂപ സർക്കാർ നൽകണം. മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ്, ക്ഷേമനിധി വിഹിതം എന്നിവ ഈ വർഷം ഒഴിവാക്കണം..

പീറ്റർ മത്യാസ്

പ്രസിഡന്റ്, ആൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ