കൊല്ലം: പത്തനംതിട്ടയിൽ കൊവിഡുമായി ബന്ധപ്പെട്ട കർശന ജാഗ്രത തുടരാനും നിയന്ത്രണങ്ങൾക്ക് അയവുണ്ടാക്കേണ്ടെന്നും മന്ത്രി കെ.രാജു വ്യക്തമാക്കി. പത്തനംതിട്ട കളക്ട്രേറ്റിൽ എം.പി,എൽ.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരുമായി സൂം വീഡിയോ കോൺഫറൻസ് നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മൂന്നുദിവസം കൊണ്ട് പകുതിയോളം പേർക്ക് റേഷൻ സാധനങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ 3,41,761 റേഷൻ കാർഡ് ഉടമകളിൽ 1,66,000 പേർക്കാണ് ഇതിനോടകം റേഷൻ വിതരണം ചെയ്തത്. 5847 അതിഥി തൊഴിലാളികൾക്ക് അഞ്ചു കിലോ വീതം അരിയും അരി വേണ്ടാത്തവർക്ക് ആട്ടയും വിതരണം ചെയ്തു. ആകെ 15,383 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. റേഷൻ അരിയുടെ അളവ്, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ചില സ്ഥലങ്ങളിൽ നിന്നും ലഭിച്ച പരാതി പരിഹരിക്കു
മെന്നും മന്ത്രി പറഞ്ഞു. 17 അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ അടുത്ത ആഴ്ചയോടുകൂടി വിതരണം ആരംഭിക്കും. ജില്ലയിലെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാധാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ സാമൂഹ്യനീതി വകുപ്പിൽ നിന്നു ലഭിക്കുന്ന ലിസ്റ്റ് അനുസരിച്ച് ഉടൻ വിതരണം ചെയ്യും. റേഷൻ കടകളിൽ നിശ്ചിത അകലം പാലിച്ചു സാധനം വാങ്ങുന്നതുപോലെ മറ്റു കടകളിലും സാധനം വാങ്ങാനെത്തുന്നവർ അകലം പാലിക്കണം. ആൾക്കൂട്ടം ഉണ്ടാവാതെ ശ്രദ്ധിക്കണം. ജില്ലയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നിലവിൽ ഇല്ലെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമുള്ള സാഹചര്യമുണ്ടായാൽ കർശന നടപടിയെടുക്കും. സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തും. ജിവൻരക്ഷാ മരുന്നുകളുടെ വിതരണവും ഉറപ്പുവരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറിനോട് നിർദേശിച്ചിട്ടുണ്ട്. വെന്റിലേറ്റർ വാങ്ങുന്നതിന് ആന്റോ ആന്റണി എംപി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.5 കോടി രൂപയിൽ നിന്ന് ആദ്യ വെന്റിലേന്റർ ജില്ലയിൽ വാങ്ങി. മറ്റുള്ളവയ്ക്ക് ഓർഡർ കൊടുത്തിട്ടുണ്ട്. 3000 റാപ്പിഡ് ടെസ്റ്റ് കിറ്റ്, 1000 പി.പി.ഇ കിറ്റ് വാങ്ങുന്നതിനും എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്. രാജു എബ്രഹാം എം.എൽ.എയുടെ ഫണ്ടിൽ നിന്ന് റാന്നി ആശുപത്രിയിൽ വെന്റിലേറ്ററും പി.പി.ഇ കിറ്റിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മെഡിക്കലും അല്ലാത്തതുമായി ആവശ്യങ്ങൾ അറിയിക്കുന്നതിന് ജില്ലാതല കോൾ സെന്ററിന്റെ പ്രവർത്തനം നവീകരിച്ചിട്ടുണ്ട്. 92052 84484 ഈ നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ബന്ധപ്പെടാവുന്നതാണ്.