മാർച്ചിൽ ഒരു ദിവസം പോലും ജോലി ലഭിച്ചില്ല
കൊല്ലം: 'സർക്കാർ കനിഞ്ഞില്ലെങ്കിൽ മൂന്ന് കുഞ്ഞുങ്ങൾ പട്ടിണിയിലാകും. ഞാനും രണ്ട് പെൺമക്കളും റേഷനരി കഞ്ഞി കുടിച്ചെങ്കിലും ജീവിക്കും. പക്ഷെ കുഞ്ഞുങ്ങൾക്ക് അത് മാത്രം കൊടുത്താൽ മതിയോ '. കാഷ്യു കോർപ്പറേഷന്റെ പാൽക്കുളങ്ങര ഫാക്ടറിയിലെ തൊഴിലാളിയായ ശോഭനയുടെ വാക്കുകളാണിത്.
ഒട്ടുമിക്ക തൊഴിലാളി ക്ഷേമനിധി ബോർഡുകളും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ചു. പക്ഷെ കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് കനിയാത്തത് ശോഭനയടക്കം ആയിരക്കണക്കിന് കശുഅണ്ടി തൊഴിലാളികളുടെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഒന്നര സെന്റിൽ ഇടിഞ്ഞുവീഴാറായ തകര ഷീറ്റ് മേഞ്ഞ വീട്ടിലാണ് ശോഭന താമസിക്കുന്നത്. 28 വർഷം മുൻപ് ഭർത്താവ് മരിച്ചു. രണ്ട് പെൺമക്കളെയും കശുഅണ്ടി ഫാക്ടറിയിൽ പണിയെടുത്ത് കിട്ടിയ കാശു കൊണ്ടാണ് വിവാഹം കഴിപ്പിച്ചത്. അവർ രണ്ടുപേരും ഇപ്പോൾ ശോഭനയ്ക്ക് ഒപ്പമാണ് താമസം. മൂത്തമകളുടെ ഭർത്താവ് ഗൾഫിലാണെങ്കിലും കൊവിഡ് കാരണം അവിടെ ജോലിയില്ലാത്തതിനാൽ പണം അയയ്ക്കുന്നില്ല. രണ്ടാമത്തെ മകൾ ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. രണ്ട് പേർക്കുമായി മൂന്ന് കുട്ടികളുണ്ട്. 'കടം വാങ്ങിയാണ് കുഞ്ഞുങ്ങൾക്ക് ആഹാരം വച്ച് നൽകുന്നത്. ഇനി കടം വാങ്ങാനായി ആരുമില്ല'.
കഴിഞ്ഞ് ഫെബ്രുവരിയിൽ മൂന്ന് ദിവസം മാത്രമായിരുന്നു ജോലി. 810 രൂപയാണ് ആകെ ശമ്പളം കിട്ടിയത്. മാർച്ചിൽ ഒരു ദിവസം പോലും ജോലി ലഭിച്ചില്ല. ഈ മാസം ഇനി കിട്ടുന്ന ലക്ഷണവുമില്ല. വെറുതെ പണം തരാൻ സർക്കാരിന് മനസില്ലെങ്കിൽ കഴിഞ്ഞ വർഷത്തെ ബോണസ് കുടിശികയും ഒഴിവ് ശമ്പളവുമെങ്കിലും തരണമെന്നാണ് ശോഭന പറയുന്നത്.
ക്ഷേമനിധി ബോർഡും ദാരിദ്ര്യത്തിൽ
കശുഅണ്ടി തൊഴിലാളികളെ പോലെ കടുത്ത ദാരിദ്ര്യത്തിലാണ് കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ്. പ്രതിമാസം തൊഴിലാളികളിൽ നിന്നും ഉടമകളിൽ നിന്നും ഒരോ രൂപ വീതമാണ് ക്ഷേമനിധി ബോർഡിന് ലഭിക്കുന്നത്. ഫാക്ടറികൾ കൂട്ടത്തോടെ അടച്ചിട്ടിരിക്കുന്നതിനാൽ ഇപ്പോൾ ആ വരുമാനവുമില്ല. ബോർഡിലെ ജീവനക്കാർക്കുള്ള ശമ്പളം നൽകുന്നത് സർക്കാരാണ്. മറ്റ് തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ അതാത് ബോർഡുകൾ നൽകുമ്പോൾ കശുഅണ്ടി തൊഴിലാളി ക്ഷേമനിധി പെൻഷനും സർക്കാരാണ് നൽകുന്നത്. ഏകദേശം ഒരുലക്ഷത്തി ഏഴായിരം കശുഅണ്ടി തൊഴിലാളികൾ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുണ്ട്. സർക്കാർ കനിഞ്ഞില്ലെങ്കൽ ലോക്ക് ഡൗൺ അശ്വാസമായി ഇവർക്ക് നയാ പൈസ കിട്ടില്ല.