കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇനി അത് തടയാൻ വീട്ടിലിരിക്കുന്ന സ്ത്രീകൾക്കേ കഴിയൂ എന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി പങ്കുവച്ച വീഡിയോയിലാണ് സുരാജ് ഇക്കാര്യം പറയുന്നത്. സുരാജിന്റെ വീഡിയോ മറ്റു താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു.
"ഞങ്ങൾ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങൾക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം. വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങൾ ചിലപ്പോൾ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു പുറത്തിറങ്ങും. പുറത്തു ചാടാൻ ശ്രമിക്കുന്ന ചേട്ടന്മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാർ വേണം തടയാൻ. ഒരു കാര്യം ഏൽപ്പിച്ചു കഴിഞ്ഞാൽ അത് നിങ്ങൾ എങ്ങനെയെങ്കിലും ഭംഗിയായി സാധിപ്പിച്ചെടുത്തോളും. വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും ഒക്കെ സുരക്ഷ ഇനി നിങ്ങളുടെ കൈകളിലാണ്''- സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകൾ.
ജനങ്ങൾ കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ കഴിയണമെന്നും സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്നത് അനുസരിക്കണമെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.