കൊല്ലം: മകളെ വിവാഹം കഴിച്ച് നൽകണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. പിടിവലിക്കിടെ തീ പടർന്ന് യുവാവും മരിച്ചു. കാവനാട് മീനത്തുചേരി മുക്കാട് കോൺവെന്റിന് സമീപം റൂബി നിവാസിൽ ഗേറ്റി രാജൻ (56), തൃക്കടവൂർ മതിലിൽ മണി മന്ദിരത്തിൽ പരേതനായ പത്രോസിന്റെ മകൻ ശെൽവമണി (37) എന്നിവരണ് മരിച്ചത്.ഇന്നലെ പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം.
ഗേറ്റിയുടെ ഇളയമകൾ ആശയെ വിവാഹം കഴിപ്പിച്ച് നൽകണമെന്ന് ശെൽവമണി ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതിന്റെ വൈരാഗ്യത്തിൽ രണ്ട് കന്നാസ് നിറയെ പെട്രോളുമായി ശെൽവമണി ഗേറ്റിയുടെ വീട്ടിലെത്തി. മുന്നിലെ വാതിലിലും ജനലിലും പെട്രോളൊഴിച്ച് തീകൊളുത്തി. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ഗേറ്റി പിൻവാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചു. വാതിൽ തുറന്നപാടെ അവിടെ കാത്തുനിന്ന ശെൽവമണി ഗേറ്റിയുടെ ശരീരത്തിലേക്ക് പെട്രോളൊഴിച്ചു. പിടിവലിക്കിടെ ശെൽവമണിയുടെ ശരീരത്തും പെട്രോൾ വീണു. ഗേറ്റിയുടെ ശരീരത്തിൽ കൊളുത്തിയ തീ ശെൽവമണിയുടെ ശരീരത്തിലേക്കും പടർന്നു.
ഉച്ചത്തിലുള്ള പൊട്ടിത്തെറിയും നിലവിളിയും കേട്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ശക്തികുളങ്ങര പൊലീസ് ഗേറ്റിയെയും ചെറുതായി പൊള്ളലേറ്റ മൂത്തമകൾ റൂബിയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് റൂബിയിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് ശെൽവമണിയും സ്ഥലത്ത് പൊള്ളലേറ്റു കിടക്കുയാണെന്ന് അറിഞ്ഞത്. ഉടൻ ആംബുലൻസിൽ കാവനാട്ടെ വീട്ടിലെത്തി ശെൽവണിയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗേറ്റിക്കും ശെൽവമണിക്കും തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ശെൽവമണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഗേറ്റി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിസാരമായി പരിക്കേറ്റ റൂബി പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി.സംഭവം നടക്കുമ്പോൾ ഗേറ്റിക്കും റൂബിക്കും ആശയ്ക്കും പുറമേ റൂബിയുടെ ഭർത്താവും രണ്ട് മക്കളും ആശയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.
ഇരുവരും പിണങ്ങിക്കഴിയുന്നവർ
ആശ ഭർത്താവുമായും ശെൽവമണി ഭാര്യയുമായും പിണങ്ങി കഴിയുകയായിരുന്നു. സുഹൃത്ത് വാടകയ്ക്ക് എടുത്തുവച്ചിരുന്ന സ്കൂട്ടർ വാങ്ങിയാണ് ശെൽവമണി കടവൂരിലെ വീട്ടിലെത്തിയത്. അഞ്ച് ലിറ്റർ പെട്രോൾ നിറച്ച കന്നാസ് കത്താതെ പൊലീസ് സ്ഥലത്തു നിന്ന് കണ്ടെടുത്തു. മറ്റൊരു കന്നാസ് പൂർണമായും കത്തിക്കരിഞ്ഞിരുന്നു. പെട്രോൾ രണ്ടുദിവസം മുമ്പേ ശെൽവമണി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തിനിടയിൽ ആശയെയും തീ കൊളുത്തി കൊല്ലുമെന്ന് ശെൽവമണി അലറി വിളിച്ചിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
മേരി സെൽവറാണിയാണ് ശെൽവമണിയുടെ മാതാവ്. മാനുവൽ, പരേതനായ ഇമ്മാനുവൽ എന്നിവർ സഹോദരങ്ങളാണ്. പട്ടാളത്തിൽ നിന്ന് വിരമിച്ച ഗേറ്റിയുടെ ഭർത്താവ് രാജൻ വിദേശത്താണ്.