കൊല്ലം:രണ്ട് മനുഷ്യ ശരീരങ്ങൾ പച്ചയ്ക്ക് വെന്തരിഞ്ഞതിന്റെ ഗന്ധം കാവനാട് മുക്കാട് മേഖലയിൽ ഇപ്പോഴും തിങ്ങിനിൽക്കുകയാണ്. മദ്ധ്യവയസ്കയായ വീട്ടമ്മ അഗ്നിഗോളമായി പ്രാണനുവേണ്ടി പിടയുന്നതും തീഗോളമായി മാറിയ യുവാവ് വീണ്ടും കൊലവിളി മുഴക്കുന്നതും അയൽവാസികളുടെ മനസിൽ നിന്ന് മായുന്നില്ല.
എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് കൊല്ലപ്പെട്ട ഗേറ്റി രാജന്റ അയൽവാസികൾ ഉണർന്നത്. തൊട്ടുപിന്നാലെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടു. അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും ആർക്കും അടുക്കാനാകാത്ത വിധം ഗേറ്റിയുടെ ശരീരമാകെ തീപടർന്നിരുന്നു. അയൽവാസികൾ വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും ഞരക്കമേ ഉണ്ടായിരുന്നുള്ളു. പൊലീസെത്തി ഗേറ്റിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ശെൽവമണിയെ വീടിന് പിൻവശത്ത് നിന്നും പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിയത്.
ഗേറ്രിയുടെ മൂത്തമകൾ റൂബിയും ഭർത്താവും മക്കളും ഒരു മുറിയിലാണ് കിടന്നിരുന്നത്. ആശ സ്വന്തം മുറിയിൽ ഒറ്റയ്ക്കും. ആശയുടെ മക്കളോടൊപ്പം ഹാളിലാണ് ഗേറ്റി കിടന്നത്. വാതിലിൽ ചവിട്ടുന്ന ശബ്ദം കേട്ട് ആദ്യം ഉണർന്നത് ഗേറ്റിയാണ്. ശെൽവമണിയുടെ കൊലവിളി കേട്ടതോടെ കൊച്ചുമക്കളെ ആശയുടെ മുറിയിലാക്കി അടച്ചു. അയൽവാസികളുടെ സഹായം അഭ്യർത്ഥിക്കാനായി പിൻവാതിൽ വഴി ഇറങ്ങുന്നതിനിടയിലാണ് ശെൽവമണി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ആശയെ കൊല്ലുമെന്ന് അലറി വിളിച്ച ശെൽവമണി അകത്തേക്ക് കടക്കാതിരിക്കാനാണ് ഗേറ്റി അയാളെ ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
അഗ്നിബാധയിൽ വീട്ടുപകരണങ്ങളും കത്തിനശിച്ചു. ചാമക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്.