photo
വനജ ആനന്ദ്

കൊല്ലം: കൊവിഡ് ബാധിച്ച് അമേരിക്കയിൽ ആയിരങ്ങൾ മരിച്ചുവീഴുമ്പോൾ കേരളത്തിന്റെ കരുതൽ കരങ്ങളിൽ തന്റെ ജീവിതം ഭദ്രമാണെന്ന് അമേരിക്കൻ എഴുത്തുകാരി വാചാലയാകുന്നു. ഒരുമാസം മുമ്പ് കേരളത്തിലെത്തിയ വനിജയ്ക്ക് ഇവിടെ പരിചയക്കാരില്ല. എന്നിട്ടും വൈദ്യസഹായം അടക്കം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലും ഉദ്യോഗസ്ഥരും നാട്ടുകാരും കാട്ടുന്ന സ്നേഹവും അവർ തിരിച്ചറിയുന്നു.

ഓട്ടിസം മേഖലയിൽ രാജ്യാന്തര സേവനം നടത്തുന്ന വനിജ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. ഒരുമാസം മുമ്പ് കൊല്ലത്ത് വച്ച് പനി ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ഒരു മാസം നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. കേരളത്തിൽ ആകെയുള്ള പരിചയം അട്ടപ്പാടിയിലെ എച്ച്.ആർ.ഡി.എസ് സംഘടനാ പ്രവർത്തകരെയാണ്. അവർ വനിജയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും അട്ടപ്പാടിയിൽ താമസ സൗകര്യം നൽകാമെന്നും ഉറപ്പ് നൽകി.

കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് സഹിതം വ്യാഴാഴ്ച വനിജ അട്ടപ്പാടിയിലേക്ക് ആംബുലൻസിൽ പുറപ്പെട്ടു. പാലക്കാട് മുക്കാലിയിൽ വച്ച് രാത്രിയോടെ ആംബുലൻസ് പൊലീസ് തടഞ്ഞു. അട്ടപ്പാടി സെൻസിറ്റീവ് ഏരിയയായതിനാൽ ആരെയും കടത്തിവിടില്ലെന്നറിയിച്ചു. വിദേശ വനിതയാണ്, രോഗിയാണ്, കൂടെ ആരുമില്ലെന്ന ന്യായമൊന്നും വിലപ്പോയില്ല.

വനിജയും ഡ്രൈവറും മാത്രമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പിന്നീട് എച്ച്.ആർ.ഡി.എസ് പ്രവർത്തകൻ അജികൃഷ്ണൻ വഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരം അറിയിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. ഇതോടെ പാലക്കാട് കളക്ടറും ഒറ്റപ്പാലം സബ് കളക്ടറും ഇടപെട്ടു. ആംബുലൻസ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വനിജയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

മണ്ണാർക്കാട് തഹസീൽദാർ ആർ.ബാബുരാജ് താലൂക്ക് ആശുപത്രിയിലെത്തി എല്ലാ സേവനങ്ങളും ഉറപ്പാക്കി. രാത്രിതന്നെ കെ.ടി.ഡി.സിയിൽ താമസ സൗകര്യവും ഭക്ഷണവുമൊരുക്കി. വനിജയ്ക്ക് ഹീമോഗ്ലോബിൻ കുറഞ്ഞതിന് തുടർചികിത്സ നൽകണമെന്ന് ഡോക്ടർ അറിയിച്ചതിനാൽ കഴിഞ്ഞ ദിവസം രാവിലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

''

വനിജയ്ക്ക് എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാഭരണകൂടവും ഒപ്പമുണ്ട്. വിവരങ്ങൾ തിരക്കിക്കൊണ്ടിരിക്കുകയാണ്.

ആർ.ബാബുരാജ്

തഹസീൽദാർ, മണ്ണാർക്കാട്