ജില്ലാ അസി. ലേബർ ഓഫീസർ ദിനവും പിന്നിടുന്നത് 44 കിലോ മീറ്റർ
കൊല്ലം: ലോക്ക് ഡൗൺ കാലത്ത് പത്ത് പൈസപോലും ചെലവാക്കാതെ പൊതിച്ചോറും ബാഗുമായി സൈക്കിളിലാണ് കൊല്ലം അസി.ജില്ലാ ലേബർ ഓഫീസർ സുജിത്ത്.കെ.പോറ്റിയുടെ (39) ഓഫീസിലേക്കുള്ള യാത്ര!.
രാവിലെ 8.50ന് വീട്ടിൽ നിന്ന് സൈക്കിൾ 'സ്റ്റാർട്ട്' ചെയ്യും. പെട്രോളും വേണ്ട, ഡീസലും വേണ്ട! ചെലവില്ലാ യാത്രയിൽ 9.40 ഓടെ കൊല്ലം സിവിൽ സ്റ്റേഷനിലെ ഓഫീസിലെത്തും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മടക്കയാത്ര ചിലപ്പോൾ ഇരുട്ടത്താകും. എന്നാലും ഒരു വശത്തേക്ക് 22 കിലോമീറ്റർ യാത്ര സൈക്കിളിൽ തന്നെ!.
എഴുകോൺ കരീപ്ര കുഴിമതിക്കാട് കടുക്കാനത്ത് കിഴക്കേ മഠത്തിൽ സുജിത്ത്.കെ.പോറ്റി സർക്കാർ സർവീസിൽ എത്തിയിട്ട് പതിനഞ്ച് വർഷമാകുന്നു. വീട്ടിൽ കാറുണ്ടെങ്കിലും പരമാവധി സൈക്കിളിൽ യാത്ര ചെയ്യാനാണ് സുജിത്തിന് ഇഷ്ടം. ഹെൽമെറ്റ് ഉൾപ്പെടെ ധരിച്ചാണ് യാത്ര.
കൊല്ലം എൻഡ്യൂറൻസ് ക്ളബ് അംഗമായ സുജിത്ത് 200, 300, 600 കിലോ മീറ്റർ സൈക്കിളോട്ട മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 600 കിലോ മീറ്റർ സൈക്കിൾ ചവിട്ടുന്ന തനിക്ക് ഓഫീസിലേക്കുള്ള 22 കിലോ മീറ്റർ നിസാരമാണെന്നാണ് സുജിത്തിന്റെ അഭിപ്രായം. ഭാര്യ ആശ.എം.നമ്പൂതിരിയും സുജിത്തിന് ഇക്കാര്യത്തിൽ പ്രോത്സാഹനമാണ്. ഋതു സുജിത്ത്, ഋതിക സുജിത്ത്, ഋത്വിക് സുജിത്ത് എന്നീ മൂന്ന് മക്കളെയും സൈക്കിൾ സഞ്ചാരപ്രിയരാക്കാനാണ് സുജിത്തിന്റെ തീരുമാനം.
ശീലിച്ചാൽ ആരോഗ്യം സൂക്ഷിക്കാം
ലോക്ക് ഡോണിന് മുമ്പ് ബസിലായിരുന്നു സുജിത്തിന്റെ ഓഫീസ് യാത്ര. ഇപ്പോൾ റോഡിൽ തിരക്ക് കുറവുണ്ട്. ഇത് കഴിഞ്ഞാലും സൈക്കിൾ യാത്ര ഒഴിവാക്കേണ്ടെന്നാണ് സുജിത്തിന്റെ തീരുമാനം. മറ്റുള്ളവരും ഇത് ശീലിച്ചാൽ റോഡിലെ തിരക്കും പാർക്കിംഗ് സ്ഥലത്തിന്റെ അപര്യാപ്തതയും അന്തരീക്ഷ മലിനീകരണവും കുറയും. ഇന്ധനച്ചെലവിൽ വലിയൊരു തുക ലാഭിക്കുകയും വ്യായാമത്തിലൂടെ ആരോഗ്യം സൂക്ഷിക്കുകയും ചെയ്യാമെന്നാണ് സുജിത്ത് പറയുന്നത്.