കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ജില്ലയിൽ 73.6 ശതമാനം പൂർത്തിയായി. ജില്ലയിൽ ആകെയുള്ള 7,44, 922 കാർഡ് ഉടമകളിൽ 5,48,306 പേർ സൗജന്യ അരി വാങ്ങി. ഈമാസം 20 വരെയാണ് നിലവിൽ സൗജന്യ റേഷൻ വിതരണം. അതിനുള്ളിൽ വാങ്ങാത്തവർക്ക് 30 വരെ സമയം നീട്ടിനൽകാനും ആലോചനയുണ്ട്.
നേരത്തെ ഘട്ടംഘട്ടമായാണ് റേഷൻ കടകളിൽ ഭക്ഷ്യധാന്യം എത്തിച്ചിരുന്നത്. ഉപഭോക്താക്കൾ തുടർച്ചയായി എത്തുന്നതിനാൽ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് തീരുന്നത് അനുസരിച്ച് ദിനം പ്രതി എത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സ്റ്റോക്ക് ഉണ്ടായിട്ടും സർക്കാർ പ്രഖ്യാപിച്ച വിഹിതം നൽകാതെ ചില റേഷൻകട ഉടമകൾ ഉപഭോക്താക്കളെ കബിളിപ്പിക്കുന്നതായും പരാതിയുണ്ട്.
കേന്ദ്രത്തിന്റെ ഭക്ഷ്യധാന്യം റേഷൻ കാർഡിലെ ഒരോ അംഗത്തിനും അഞ്ച് കിലോ വീതമുള്ള വിതരണം 20 മുതൽ ആരംഭിക്കും.
റേഷൻകടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത ഭക്ഷ്യധാന്യം കണ്ടെത്തിയതിനെ തുടർന്ന് കരുനാഗപ്പള്ളി വലിയകുളങ്ങരയിലെ റേഷൻ കടയുടെ ലൈസൻസ് ജില്ലാ സപ്ലൈ ഓഫീസറായ സി.എസ്.ഉണ്ണിക്കൃഷ്ണ കുമാർ സസ്പെൻഡ് ചെയ്തു.
കൊള്ളവില, 86 കച്ചവടക്കാർക്കെതിരെ കേസ്
ലോക്ക് ഡൗണിന്റെ മറവിൽ കൊള്ള വില ഈടാക്കിയ 86 കച്ചവടക്കാർക്കെതിരെ ഇതുവരെ ജില്ലയിൽ കേസെടുത്തു. സിവിൽ സപ്ലെസ്, റവന്യൂ, ആരോഗ്യം, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ഇതുവരെ 1,832 പൊതു വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ലീഗൽ മെട്രോളജി വകുപ്പ് തൂക്ക കുറവ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് 11,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും.