chicken-waste

കൊല്ലം: കൊവിഡ‌് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരിസരം ശുചിയായി സൂക്ഷിക്കണമെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ജില്ലയിൽ റോഡ് വക്കുകളിൽ കോഴി വേസ്റ്റ് കുന്നുകൂടി ചീഞ്ഞുനാറുന്നു. ലോക്ക് ഡൗൺ ആയതോടെ സ്വകാര്യ ഏജൻസികൾ കോഴി വേസ്റ്റ് ശേഖരിക്കാൻ എത്താത്തതിനാൽ കോഴിക്കടക്കാർ കൂട്ടത്തോടെ മാലിന്യം റോഡ് വക്കുകളിൽ തള്ളുകയാണ്.

മുമ്പ് രാത്രികാലങ്ങളിലാണ് റോഡുകളുടെയും ഇടവഴികളുടെയും വശങ്ങളിൽ വേസ്റ്റ് തള്ളിയിരുന്നത്. ഇപ്പോൾ ജനങ്ങൾ കതകടച്ച് വീടുകൾക്കുള്ളിൽ തന്നെ കഴിയുന്നതിനാൽ പകൽ സമയത്തും മാലിന്യം തള്ളുകയാണ്. മാലിന്യം ഒഴിവാക്കാൻ നിർവാഹമില്ലാത്തതിനാൽ ചില കോഴിക്കടക്കാർ ഉപഭോക്താക്കൾക്ക് തന്നെ ഇറച്ചിക്കൊപ്പം വേസ്റ്റും കൊടുത്തുവിടുന്നുണ്ട്. ഈ മാലിന്യം ഉപഭോക്താക്കൾ പലപ്പോഴും റോഡ് വക്കുകളിൽ ഉപേക്ഷിക്കുകയാണ് പതിവ്.

 മാലിന്യ സംസ്കരണ സംവിധാനമുള്ള കടകൾ 5 ശതമാനം

ജില്ലയിൽ ഏകദേശം ആയിരത്തോളം കോഴിക്കടകളാണുള്ളത്. മാലിന്യ സംസ്കരണ സംവിധാനമുള്ള കോഴിക്കടക്കൾക്കേ ലൈസൻസ് നൽകാവൂ എന്നാണ് ചട്ടം. എന്നാൽ ജില്ലയിൽ അഞ്ച് ശതമാനം കോഴിക്കടകളിൽ മാത്രമാണ് മാലിന്യ സംസ്കരണ സംവിധാനമുള്ളത്. മറ്റുള്ളവർ പ്രതിമാസം 9000 മുതൽ 15000 രൂപ വരെ കൂലി നൽകി മാലിന്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറുകയാണ്. ഇവർ ഇത് വളമാക്കി മാറ്റുന്ന തമിഴ്നാട്ടിലെ ഫാക്ടറികൾക്ക് കൈമാറും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോഴിവേസ്റ്റ് സംസ്കരിക്കുന്ന തമിഴ്നാട്ടിലെ ഫാക്റികളും അടച്ചിട്ടിരിക്കുകയാണ്.

 ജില്ലയിൽ ഒരു ദിവസം ഉപേക്ഷിക്കുന്നത് ശരാശരി 30 ടൺ കോഴി വേസ്റ്റ്

കൊവിഡ് കാലത്ത് ചെറിയ കോഴിക്കടകളിൽ പോലും ശരാശരി നൂറ് കിലോയുടെ കച്ചവടം ഒരു ദിവസം നടക്കുന്നതായാണ് കണക്ക്. ഇങ്ങനെ നോക്കുമ്പോൾ ജില്ലയിൽ ഏദേശം 100 ടൺ കോഴിയെങ്കിലും വിറ്റുപോകുന്നുണ്ട്. ഒരു കിലോ കോഴിയുടെ 30 ശതമാനം വേസ്റ്റാണ്. ഇതുപ്രകാരം ഒരു ദിവസം ശരാശരി 30 ടൺ കോഴിവേസ്റ്റാണ് തെരുവിലേക്ക് തള്ളപ്പെടുന്നത്. ഇത് പരിഹരിക്കാൻ നടപടി വേണമെന്ന് ലോക്ക് ഡൗൺ അവലോകനവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ കൊല്ലം മേയറും എം. നൗഷാദ് എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു.