കൊല്ലം: ഇന്നലെ പൊതുവെ തിരക്കേറിയ നിരത്തിൽ അനാവശ്യ യാത്രകൾ നടത്തിയ 441 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 433 കേസുകളിലായി 431 വാഹനങ്ങൾ പിടിച്ചെടുത്തു.
അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവരെ കർശനമായി പരിശോധിക്കാനും കൈയിൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചു. ആരാധനാലയങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി.
കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ 241 കേസുകളിലായി 246 പേരെ അറസ്റ്റ് ചെയ്ത് 267 വാഹനങ്ങൾ പിടിച്ചെടുത്തു. കൊല്ലം സിറ്റിയിൽ 192 കേസുകളിലായി 195 പേരെ അറസ്റ്റ് ചെയ്ത് 164 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 24 മുതൽ ഫെബ്രുവരി 4 വരെ കൊല്ലം സിറ്റി പൊലീസ് 2,754 കേസുകളിലായി 2,810 പേരെ അറസ്റ്റ് ചെയ്ത് 2,146 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 804 കേസുകളും രജിസ്റ്റർ ചെയ്തു. ചവറ പരിമണം ബേക്കറി ജംഗ്ഷനിൽ മത്സ്യം വാങ്ങാൻ കൂട്ടമായി നിന്ന 50 പേർക്കെതിരെയും മത്സ്യ വിൽപ്പനക്കാർക്കെതിരെയും കേസെടുത്തു. മീനാട് ചാത്തന്നൂർ പാലമുക്കിൽ പണം വച്ചുള്ള ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന നാലുപേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്ന് 3,710 രൂപയും പിടിച്ചെടുത്തു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, റൂറൽ എസ്.പി എസ്.ഹരിശങ്കർ എന്നിവർ നൽകിയ നിർദേശം.
ക്ലബുകളുടെ സഹായ കേന്ദ്രങ്ങൾ
അവസാനിപ്പിക്കണം
ക്ലബുകൾ, സന്നദ്ധസേവകർ തുടങ്ങിയവർ നടത്തുന്ന സഹായ കേന്ദ്രങ്ങൾ അവസാനിപ്പിക്കാൻ റൂറൽ പൊലീസ് നിർദേശം നൽകി. ഇത്തരക്കാർ ശേഖരിക്കുന്ന വിഭവങ്ങൾ പഞ്ചായത്തിലോ ജില്ലാ ഭരണകൂടങ്ങളെയോ ഏൽപ്പിക്കണം. സാമൂഹിക അടുക്കളകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ജില്ലാ ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ പാസുകൾ നിർബന്ധമാക്കി.