എത്തിച്ചത് തമിഴ്നാട്ടിൽ നിന്ന്
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കൊല്ലത്ത് വിൽപ്പനയ്ക്കെത്തിച്ച 2,500 കിലോ പഴകിയ മത്സ്യം കല്ലുംതാഴത്ത് പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരാണ് നഗരത്തിലേക്ക് മത്സ്യവുമായി വന്ന വാഹനം ശ്രദ്ധിച്ചത്. സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു.
തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ച് വാഹനവും മത്സ്യവും പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉദ്യോഗസ്ഥരെത്തി നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മത്സ്യങ്ങൾ നശിപ്പിച്ച് മുളങ്കാടകത്ത് കുഴിച്ചുമൂടി. ശനിയാഴ്ച നീണ്ടകര ഹാർബറിന് സമീപത്ത് നിന്ന് 3,000 കിലോ പഴകിയ മത്സ്യം പിടിച്ചെടിത്തിരുന്നു. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും ആവശ്യം കൂടിയതും മനസിലാക്കിയാണ് വൻ തോതിൽ പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ കൊല്ലത്തേക്ക് അതിർത്തി കടന്നെത്തുന്നത്. ഇതേ തുടർന്ന് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിൽ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു. നിലവിൽ കൊല്ലത്ത് വിറ്റഴിക്കപ്പെടുന്നതിൽ പകുതിയോളം മത്സ്യം അതിർത്തി കടന്നെത്തുന്ന പഴകിയ വിഷ മത്സ്യമാണെന്ന മുന്നറിയിപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയിരുന്നു.