കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടച്ചിട്ടതോടെ ജില്ലയിൽ ചാരായം വാറ്റും വില്പനയും പൊടിപൊടിക്കുന്നു. അവസരം മുതലാക്കി കൊള്ളലാഭം കൊയ്യാൻ പലരും സംഘങ്ങളായും അല്ലാതെയും ചാരായം വാറ്റുന്നതായാണ് വിവരം.
പൊലീസും എക്സൈസും ജില്ലയിൽ കർശന നിരീക്ഷണത്തിലാണ്. കോടയും വാറ്റുപകരണങ്ങളുമുൾപ്പെടെ നിരവധി പേർ ഇതിനോടകം പിടിയിലായി. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. ചാരായം നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങൾ അമിതമായ അളവിൽ വാങ്ങുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് വ്യാപാരികൾക്കും പൊലീസ് നിർദ്ദേശം നൽകിയിരിക്കുകയാണ്.
15 കുപ്പി വാറ്റുചാരായവും 1070 ലിറ്റർ
കോടയുമായി 2പേർ അറസ്റ്റിൽ
പുനലൂർ/അഞ്ചൽ: ലോക്ക് ഡൗണിന്റെ മറവിൽ കിഴക്കൻ മലയോര മേഖയിലെ ഉറുകുന്ന്, അച്ചൻകോവിൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 15 കുപ്പി വാറ്റുചാരായവും 1070 ലിറ്റർ കോടയും പിടിച്ചെടുത്തു. ചാരായം വാറ്റിക്കൊണ്ടിരുന്ന രണ്ട് പേരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉറുകുന്ന് വെള്ളച്ചാൽ സൂര്യവിലാസത്തിൽ രാഹുൽരാജ് (26), അച്ചൻകോവിൽ കുഴിഭാഗത്ത് സ്വദേശി ഉണ്ണിക്കൃഷ്ണപിളള(45) എന്നിവരാണ് പുനലൂർ എക്സൈസ് സർക്കിൾ, അഞ്ചൽ റെയ്ഞ്ച് ഓഫീസുകളിലെ ജീവനക്കാർ ചേർന്ന് നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. ഉറുകുന്ന് സ്വദേശിയായ രാഹുലിന്റെ വീടിന്റെ രണ്ടാമത്തെ നിലയിലെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 770 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ റെയ്ഡിനെത്തുമ്പോൾ ഇയാൾ ചാരായം വാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു. അച്ചൻകോവിൽ സ്വദേശിയായ ഉണ്ണിക്കൃഷ്ണൻെറ വീട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് 15കുപ്പി വാറ്റ് ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തത്. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ വാങ്ങിയിരുന്നെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് ഓഫിസർ ഷിഹാബുദ്ദീൻ, റെയ്ഞ്ച് ഇൻസ്പെക്ടർ ബിജു എൻ. ബേബി, പ്രീവന്റീവ് ഓഫീസർ ജി. ബിജുകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജി. അഭിലാഷ്, എസ്. സുരേഷ്, കെ.ജി. ജയേഷ്, റിൻജോ വർഗീസ്, രജീഷ ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.