haritha-
ജില്ലയിലെ ആദ്യ ഹരിത ഭവനമായി പ്രഖ്യാപിച്ച നീണ്ടകര പരിമണം അമ്പാടിയിൽ തുളസീധരൻപിള്ളയുടെ വീട്ടിലുണ്ടായ കാർഷിക വിളകൾ മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. മനോഹരൻ പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മിക്ക് കൈമാറുന്നു

ചവറ: ജില്ലയിലെ ആദ്യ ഹരിത ഭവനമായി പ്രഖ്യാപിച്ച നീണ്ടകര പരിമണം അമ്പാടിയിൽ തുളസീധരൻപിള്ളയുടെ വീട്ടിലുണ്ടായ കാർഷിക വിളകൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകി. ക്യാബേജ്, കോളിഫ്ലവർ, ചേന, വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങിയവയാണ് നീണ്ടകര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകിയത്. 23 സെന്റ് പുരയിടത്തിൽ വീടിന് ചുറ്റുമുള്ള ഭാഗങ്ങളിലും ടെറസിലുമായാണ് ഫയർ ഓഫീസറായി റിട്ടയർ ചെയ്ത തുളസീധരൻ പിള്ള കൃഷി ചെയ്യുന്നത്. ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയും രാമച്ചം, ഞവര, കറ്റാർവാഴ തുടങ്ങിയ ഔഷധ സസ്യങ്ങളും ഇതിലുൾപ്പെടും. വീട്ടിൽ തന്നെ ഒരുക്കിയ മണ്ണിര കമ്പോസ്റ്റ്, മഴവെള്ള സംഭരണി, ബയോ കമ്പോസ്റ്റ്, എൽ.ഇ.ഡി. ബൾബുകൾ എന്നിവയുടെ സഹായത്തോടെയാണ് ഇദ്ദേഹം ജൈവകൃഷി ചെയ്യുന്നത്. കെ.എം.എം.എല്ലിൽ നിന്ന് റിട്ടയർ ചെയ്ത ഭാര്യ പത്മിനി അമ്മയാണ് തുളസീധരൻപിള്ളയെ കൃഷിയിൽ സഹായിക്കുന്നത്. ഹരിത കേരള മിഷൻ, ഗ്രാമ പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന കാർഷിക പദ്ധതിയിൽ ജില്ലയിലെ ആദ്യ ഹരിത ഭവനമായി പ്രഖ്യാപിച്ച വീടാണിത്. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. മനോഹരൻ പച്ചക്കറികൾ തുളസീധരൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങി പ്രസിഡന്റ് എസ്. സേതുലക്ഷ്മിക്ക് കൈമാറി. തുളസീധരൻ പിള്ളയുടെ കുടുംബാംഗങ്ങളും കെ. ലതീഷൻ, ആർ. സുഭഗൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.