പത്തനാപുരം: എക്സൈസ് സർക്കിൾ ഓഫീസിന്റെയും പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ അച്ചൻകോവിൽ റിസർവ് വനമേഖലയിൽ കോട്ടക്കയം ഭാഗത്ത് ബാരലിൽ സൂക്ഷിച്ചിരുന്ന 350 ഓളം ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. ഫാമിംഗ് കോർപ്പറേഷനിൽ പാൽ സംഭരണത്തിനായുള്ള ബാരലുകളിലാണ് കോട സൂക്ഷിച്ചിരുന്നത്.
ബാരലുകൾ ആരെങ്കിലും മോഷ്ടിച്ചതോ ജീവനക്കാരോ ആണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. ഫാമിംഗ് കോർപ്പറേഷനിലെ സംശയമുള്ള മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, സുനിൽ, ഡ്രൈവർ അജയകുമാർ, പുന്നല മോഡൽ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ നിസാം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പാർവതി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.