fire

പുനലൂർ: ലോക്ക് ഡൗണിനെ തുടർന്ന് വനമദ്ധ്യത്തിലെ വീട്ടിൽ പനി ബാധിച്ച കൈക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ വലഞ്ഞ ദമ്പതികൾക്ക് സഹായവുമായി ഫയർഫോഴ്സ്. തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ ഇരുട്ടുതറ ചതുപ്പ് ഗിരിജൻ കോളനിയിൽ സനൽ - ബബിത ദമ്പതികളുടെ ഒരു മാസം പ്രായമുള്ള കൈകുഞ്ഞിനെയാണ് പുനലൂർ ഫയർ ഫോഴ്സെത്തി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

പനിയും കഫക്കെട്ടും ബാധിച്ച കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ രക്ഷിതാക്കൾ പല മാർഗങ്ങളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സനൽ ഫയർഫോഴ്സിൽ ബന്ധപ്പെട്ടു. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം മാമ്പഴത്തറയിലെ ഗിരിജൻ കോളനിയിലെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ മാമ്പഴത്തറയിലെത്തിയ ഫയർഫോഴ്സ് ജിവനക്കാരോട് രോഗിയായ ഒരാളുടെ ശ്രവണസഹായിയുടെ ബാറ്ററി തീർന്ന കാര്യവും ധരിപ്പിച്ചു. കടയുടമയുടെ വീട്ടിലെത്തി കട തുറപ്പിച്ച് ബാറ്ററിയും എത്തിച്ച് നൽകി. സീനിയർ ഫയർഫോഴ്സ് ഓഫീസർ സുധീർ കുമാർ, മെക്കാനിക് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൈക്കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.