amala

ഇന്നലെ കേരളത്തിന്റെ പല ഭാഗത്തും മഴയും കാറ്റുമായിരുന്നു. പൊരിയുന്ന ചൂടിൽ കുളിരുള്ള ആശ്വാസമായിരുന്നു ആ മഴ. സോഷ്യൽ മീഡിയയിലെങ്ങും മഴ ആഘോഷിക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളുമുണ്ട്. അക്കൂട്ടത്തിൽ അമലാ പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ആളുകൾ വൈറലാക്കിയിട്ടുണ്ട്.

മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചും പൂച്ചക്കുട്ടിയെ ഓമനിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്,കൊച്ചുകുട്ടികളെപ്പോലെ ആഹ്ളാദം പങ്കുവയ്ക്കുകയാണ് അമല. അതിനിടയിൽ അമലയുടെ അമ്മയുടെ ശബ്ദവും കേൾക്കാം.

"ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്താൽ എന്താകും അവസ്ഥ?" എന്നാണ് അമ്മ ചോദിക്കുന്നത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അമല മുറ്റത്ത് മഴ ആസ്വദിക്കുകയാണ്. "ആദ്യം വരുന്നതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ക്ഡൗൺ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. സ്നേഹത്തിന്റേയും ശാന്തിയുടേയും എന്റെ ആദ്യ യാത്ര. പ്രപഞ്ചം നൽകുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. കാമറയും ഡയലോഗും അമ്മ," എന്നാണ് അമല കുറിച്ചിരിക്കുന്നത്.