കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഐസൊലേഷൻ രോഗിയുമായി എത്തിയ ആബുലൻസ് ഡ്രൈവറെ മർദ്ദിച്ചു. കൊല്ലം സ്വദേശി സുധീറിനെയാണ് (42) മർദ്ദനമേറ്റത്. ഡി.എം.ഒ. നൽകിയ നിർദ്ദേശത്തെ തുടർന്നാണ് കൊല്ലത്ത് നിന്നുള്ള ആംബുലൻസിൽ വിളക്കുടി സ്വദേശിയായ രോഗിയെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നതിനിടെയാണ് താലൂക്കാശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണത്തിനായി ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തിയത്. ആംബുലൻസ് മാറ്റിയിടാൻ ആവശ്യപ്പെട്ട പ്രവർത്തകരുമായുള്ള തർക്കത്തിനിടെയാണ് ഡ്രൈവറെ അക്രമിച്ചത്. കൊവിഡ് പ്രതിരോധത്തിനായി പൊലീസും ആരോഗ്യ വകുപ്പുമായി ചേർന്നു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രാക്കിന്റെ ഭാഗമായുള്ള ആംബുലൻസിന്റെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.