കൊല്ലം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അംഗത്വമുള്ള ലൈബ്രറികളിലെ ലൈബ്രേറിയൻമാരുടെ അലവൻസ് സാലറി ചലഞ്ചിലേക്ക് പിടിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കേരളാ സ്റ്റേറ്റ് ലൈബ്രേറിയൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.വർഷത്തിൽ രണ്ട് തവണകളായിട്ടാണ് ലൈബ്രേറിയൻമാർക്ക് അലവൻസ് തുക ലഭിക്കുന്നത്. തുച്ഛമായ അലവൻസാണ് നിലവിലുള്ളത്. സർക്കാർ ജീവനക്കാരായ കാഷ്വൽ, പാർട് ടൈം ജീവനക്കാരെപ്പോലും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 6 മാസത്തിലൊരിക്കൽ നൽകുന്ന നാമമാത്രമായ അലവൻസ് തുകയിൽ ഒരു മാസത്തെ അലവൻസ് സാലറി ചലഞ്ചിലേക്ക് പിടിക്കാനുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തീരുമാനം പുന:പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലൈബ്രേറിയന്മാർ ഇഷ്ടാനുസരണം സംഭാവന നൽകണമെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി രശ്മികുമാർ, പ്രസിഡന്റ് ജെസി അനിൽ എന്നിവർ ആവശ്യപ്പെട്ടു.