കാസർകോട്: കൊവിഡ് ബാധിതർ കൂടുതലുള്ള കാസർകോട്ട് ന്യൂതന സംവിധാനങ്ങളുള്ള കൊവിഡ് ആശുപത്രിയുടെ പ്രവർത്തനം ഇന്ന് തുടങ്ങും. ഡോക്ടർമാർ ഉൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള 26 അംഗ വിദഗ്ധ സംഘം പുലർച്ചെ കാസർകോട്ട് എത്തി. രാവിലെ മുതൽ കൊവിഡ് രോഗികളെ ആശുപത്രിയിൽ ചികിത്സിയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കാസർകോട് മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെയാണ് കൊവിഡ് ആശുപത്രിയാക്കിയത്. ആദ്യ ഘട്ടത്തിൽ 200 പേരെ ചികിത്സിക്കും. ഇതിനായി 200 ഓളം കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് ഇവിടെ സജ്ജമാക്കിയത്.
രണ്ടാം ഘട്ടത്തിൽ നൂറ് കിടക്കകൾ കൂടി സജ്ജമാക്കും. ഒന്നാം ഘട്ടത്തിന് വേണ്ടി ഏഴ് കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ സംഘത്തിന് പുറമെ സന്നദ്ധ സേവനത്തിന് തയ്യാറായവർ, ആരോഗ്യ പ്രവർത്തകർ എന്നിവരേയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തിലാണ് ആശുപത്രി പ്രവർത്തിക്കുക. കാസർകോട്ട് 143 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 5 പേർ നെഗറ്റീവ് ഫലം കാട്ടി. നൂറിലധികം പേർ പുതുതായി നിരീക്ഷണത്തിലുണ്ട്. 573 ആളുകളുടെ പരിശോധനാ ഫലം ലഭിക്കാനുമുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് സ്പെഷ്യാലിറ്റി ആശുപത്രി കാസർകോട് തുടങ്ങുന്നത്.
അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാർ, ഡോ. രാജു രാജൻ, ഡോ. മുരളി, ന്യൂറോളജിയിലെ ഡോ. ജോസ് പോൾ കുന്നിൽ, ഡോ. ഷമീം, ജനറൽ മെഡിസിനിലെ ഡോ. സജീഷ്, പൾമണറി മെഡിസിൻ വിഭാഗത്തിലെ ഡോ. പ്രവീൺ, ഡോ. ആർ. കമല, നെഫ്രോളജിയിലെ ഡോ. എബി, പീഡിയാട്രിക്‌സിലെ ഡോ. മൃദുൽ ഗണേഷ്, സ്റ്റാഫ് നഴ്‌സുമാരായ ജോസഫ് ജെന്നിംഗ്‌സ്, എസ്.കെ. അരവിന്ദ്, പ്രവീൺ കുമാർ, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിൻ, എം.എസ്. നവീൻ, റിതുഗാമി, ജെഫിൻ പി. തങ്കച്ചൻ, ഡി. ശരവണൻ, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ ആർ.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണൻ, എസ്. അതുൽ മനാഫ്, സി. ജയകുമാർ, എം.എസ്. സന്തോഷ് കുമാർ എന്നിവരാണ് തിരുവനന്തപുരത്ത് നിന്നും എത്തിയത്.