tiger-

ന്യൂയോർക്ക് : മൃഗങ്ങളിലേക്കും കൊവിഡ് വ്യാപിക്കുന്നു. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. നദിയ എന്ന മലയൻ കടുവയ്ക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത് .

മൃഗശാലയിലെ ജോലിക്കാരനിൽ നിന്നാണ് കടുവയ്ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് മൃഗശാലാ ആധികൃതർ വ്യക്തമാക്കുന്നത്. ഈ കടുവയ്ക്ക് പുറമെ മറ്റു മൂന്ന് കടുവകൾക്കും രണ്ട് ആഫ്രിക്കൻ സിംഹങ്ങൾക്കും രോഗലക്ഷണമുണ്ട്. ഇവയുടെ ടെസ്റ്റ് റിസൾട്ട് വന്നിട്ടില്ല. ഭക്ഷണം കഴിക്കുന്നതിൽ കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവിൽ കൊവിഡ് സ്ഥിരീകരിച്ച കടുവയ്ക്കും നിരീക്ഷണത്തിലുള്ള 5 മൃഗങ്ങൾക്കും ഇല്ലെന്ന് മൃഗശാല അധികൃതർ പറയുന്നു.

അതേസമയം കൊറോണ വൈറസ് എങ്ങനെയാണ് ഈ മൃഗങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്നതിൽ വ്യക്തതയില്ലെന്നും മൃഗശാല അധികൃതർ പറയുന്നു. ഓരോ ജീവികളുടെയും ശരീരത്തിൽ വ്യത്യസ്തമായാണ് ഈ വൈറസ് ബാധ പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തൽ . മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും നിരീക്ഷിക്കുമെന്നും ഇവർ പറയുന്നു. അതേസമയം മൃഗങ്ങളിൽ നിന്ന് കൊവിഡ് മനുഷ്യരിലേക്ക് പടരുമോ എന്നും ആശങ്കയുണ്ട്. മാർച്ച് 16 മുതൽ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. മാർച്ച് 27നാണ് നദിയ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. അയോവയിലെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയിലാണ് നദിയയുടെ സ്രവ പരിശോധന നടത്തിയത്. നേരത്തേ ചൈനയിലെ വളർത്തുപൂച്ചകളിൽ രോഗം സ്ഥിരീകരിച്ചത് വാർ‌ത്തയായിരുന്നു.