supplyco

ലോക്ക് ഡൗൺ തീരും മുമ്പ് എല്ലാവർക്കും കിട്ടില്ല

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സപ്ലൈകോയുടെ ആയിരം രൂപയുടെ സൗജന്യ കിറ്റ് ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുമ്പ് എല്ലാവർക്കും കിട്ടില്ലെന്ന് ഉറപ്പായി.

ആദ്യഘട്ടത്തിൽ നൽകുന്ന എ.എ.വൈ വിഭാഗങ്ങൾക്കുള്ള കിറ്റ് തയ്യാറാക്കൽ പോലും സ്റ്റോക്ക് ഇല്ലാത്തതിനാൽ പകുതിയേ പൂർത്തിയായിട്ടുള്ളു. എ.എ.വൈ വിഭാഗങ്ങൾക്കുള്ള കിറ്റുകളുടെ വിതരണം ഒരു പക്ഷെ ലോക്ക് ഡൗൺ തീരുന്നതിന് മുമ്പ് പൂർത്തിയായേക്കും. മുൻഗണനാ വിഭാഗത്തിനുള്ള വിതരണവും തുടങ്ങിയേക്കും. പക്ഷെ സംസ്ഥാന സബ്സിഡി വിഭാഗത്തിനും മുൻഗണനേതര വിഭാഗത്തിനുമുള്ള കിറ്റുകളുടെ പായ്ക്കിംഗ് പോലും ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുമ്പ് തുടങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. സപ്ലൈകോ അസ്ഥാനത്ത് നിന്ന് നേരിട്ട് ഓർഡർ നൽകിയ പല ഇനങ്ങളും ഇനിയും ലഭിക്കാത്തതിനാൽ ലോക്കൽ പർച്ചേസ് നടത്തി എ.എ.വൈ വിഭാഗങ്ങൾക്കുള്ള കിറ്റ് തയ്യാറാക്കാൻ ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, ആട്ട, റവ, മുളക് പൊടി, മല്ലിപ്പൊടി, തുവര പരിപ്പ്, മഞ്ഞൾപ്പൊടി, ഉഴുന്ന് തുടങ്ങിയ ഇനങ്ങളുടെ സ്റ്റോക്കിലാണ് വലിയ കുറവുള്ളത്.

സപ്ലൈകോയിലെ കച്ചവടവും താറുമാറായി

നിലവിലുള്ള സ്റ്റോക്ക് സൗജന്യ കിറ്റ് തയ്യാറാക്കാൻ നിക്കിവച്ചതോടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ കച്ചവടവും താറുമാറായിരിക്കുകയാണ്. കിറ്റിൽ ഉൾപ്പെട്ട ഇനങ്ങളുടെ വില്പനയ്ക്ക് കഴിഞ്ഞ ഒരാഴ്ചയായി നിയന്ത്രണം നിലനിൽക്കുകയാണ്. കിറ്റിൽ ഉൾപ്പെടാത്ത ഇനങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

പ്രധാന പ്രശ്നങ്ങൾ

 ആവശ്യത്തിന് സ്റ്റോക്കില്ല

 ഓർഡർ നൽകിയ സാധനങ്ങൾ എത്തിക്കാൻ ലോറികളില്ല

 കിറ്റ് തയ്യാറാക്കാൻ ജീവനക്കാരില്ല

 കിറ്റ് സംഭരിക്കാൻ ഇടമില്ല

ജില്ലയിൽ തയ്യാറാക്കേണ്ട കിറ്റുകൾ

 എ.എ.വൈ: 48,484

 മുൻഗണന: 2,86,964

 മുൻഗണനേതര: 2,03,925

 സംസ്ഥാന സബ്സിഡി: 2,05,549

 ആകെ: 7,44,922

''

സ്റ്രോക്ക് ഇല്ലാത്ത ഇനങ്ങൾ ലോക്കൽ പർച്ചേസ് നടത്താൻ ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എ.എ.വൈ വിഭാഗത്തിനുള്ള പകുതി കിറ്റുകൾ തയ്യാറായിട്ടുണ്ട്. സർക്കാർ നിർദ്ദേശം വന്നാലുടൻ വിതരണം തുടങ്ങും. ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുമ്പ് മുൻഗണനാ വിഭാഗത്തിനുള്ള കിറ്റുകളും വിതരണം ചെയ്യും.

അലി അസ്കർ പാഷ

സപ്ലൈകോ മാനേജിംഗ് ഡയറക്ടർ