കൊല്ലം: 'എത്രയോപേർ ചേർന്നാണ് ഞങ്ങളെ കെട്ടിയൊരുക്കിയിരുന്നത്. നാടിന് ഞങ്ങൾ ആനന്ദക്കാഴ്ചകളായിരുന്നു, അക്കാലമൊക്കെ കൊവിഡ് കൊണ്ടുപോയി... ഞങ്ങൾ ഇപ്പോൾ വെറും കെട്ടുകാളകളാണ്, കെട്ടുകാഴ്ചകളല്ല... '
ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിലെത്തുന്ന ഉത്സവകാലത്ത് ഇഷ്ടദേവനും പരദേവതയ്ക്കും കണിയൊരുക്കാൻ തയ്യാറാക്കിയ കെട്ടുകാളകളും നെടുംകുതിരകളും ആരവങ്ങളുടെ അകമ്പടിയില്ലാതെ അനാഥമാണിന്ന്.
പഞ്ചവാദ്യപെരുമഴ പെയ്തിറങ്ങുന്ന സായാഹ്നത്തിൽ നൂറു കണക്കിന് ചുമലുകളിലേറിയാണ്
കാളയും കുതിരയും അടങ്ങുന്ന കെട്ടുകാഴ്ചകൾ ഉത്സവ പറമ്പുകളിലേക്കെത്തിയിരുന്നത്. കൊവിഡ് 19 വ്യാപന ഭീതി തുടങ്ങിയത് കൊല്ലത്തെ ഉത്സവകാലത്തിനൊപ്പമാണ്. ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വന്നതോടെ പതിനായിരങ്ങൾ ഒത്തു ചേർന്ന് കാഴ്ചയുടെ പകൽപ്പൂരങ്ങൾ തീർക്കേണ്ടിയിരുന്ന ഉത്സവ പറമ്പുകൾ നിശബ്ദമായി. അഞ്ഞൂറിലേറെ കെട്ടുകാളകളും കൂറ്റൻ എടുപ്പു കുതിരകളും കിലോമീറ്ററുകളോളം ദൂരം ചുമലുകളിലേറിയെത്തി കുന്നുകയറുന്ന പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട ഉത്സവവും ഇത്തവണ ഉണ്ടായില്ല.
ആഗ്രഹ സാഫല്യത്തിനായി ഇഷ്ടദേവന് കെട്ടുകാളകളെയും കുതിരകളെയും നേർച്ചയായി സമർപ്പിക്കാൻ ആഗ്രഹിച്ചവർക്ക് അതിന് കഴിഞ്ഞില്ല. രണ്ടായിരത്തോളം കെട്ടുകാളകളും അമ്പതിനടുത്ത് കൂറ്റൻ എടുപ്പു കുതിരകളും ജില്ലയിലുണ്ടെന്നാണ് കണക്ക്. കെട്ടുകാഴ്ചകളെ വശ്യ സുന്ദരമായി അണിയിച്ചൊരുക്കുന്നത് പ്രത്യേക കഴിവുള്ള തൊഴിലാളികളും ശിൽപ്പികളുമാണ്. ഒരാണ്ടിലേക്കുള്ള ജീവിതത്തിന്റെ നീക്കിയിരിപ്പ് ഇവർക്ക് ലഭിക്കുന്നത് ഉത്സവക്കാഴ്ചകൾ ഒരുക്കുന്നതിലൂടെയാണ്. ഉത്സവ പറമ്പിലെ കെട്ടുകാഴ്ചകളുടെ സൗന്ദര്യം മാത്രമല്ല, നൂറു കണക്കിന് തൊഴിലാളികളുടെയും ഉടമകളുടെയും ജീവിതത്തിന്റെ സൗന്ദര്യം കൂടിയാണ് കൊവിഡ് കവർന്നത്.
തലപ്പൊക്കം ഒരുക്കുന്നതിങ്ങനെ
തെങ്ങും അടയ്ക്കാമരവും ഉപയോഗിച്ചാണ് കെട്ടുകാളകളുടെ ശരീര നിർമ്മാണം. ചുമലുകളിലേറേണ്ട ചട്ടങ്ങൾ രൂപ്പെടുത്തുന്നത് ആഞ്ഞിലിയുടെ കാതലിലാണ്. സൗന്ദര്യത്തിന്റെ മുഖശ്രീ പാലയുടെയോ പ്ലാവിന്റെയോ തടിയിൽ. ചട്ടത്തിലേക്ക് ശരീരം ഉറപ്പിക്കുന്നതാണ് ആദ്യ ഘട്ടം. പിന്നീട് അടയ്ക്കാമരം കൊണ്ട് രൂപപ്പെടുത്തിയ ശരീരത്തിൽ വയ്ക്കോൽ നിറച്ച് ആകൃതി ഉറപ്പാക്കും. അതിന് മുകളിൽ ചണച്ചാക്കിന്റെ ആവരണം പൊതിഞ്ഞ് വെള്ളവിരിക്കും. മുകളിൽ ചുവപ്പ് കൂടി അണിയിക്കുന്നതോടെ കാഴ്ചയുടെ സൗന്ദര്യം തെളിഞ്ഞ് തുടങ്ങും. കഴുത്തിന് ചുറ്റും മണികൾ, ചട്ടത്തിന് മുകളിലായി തൂക്കുകൾ, ആലവട്ടം, ഒടുവിൽ തല കൂടി ഉറപ്പിച്ച് ചെവിയുടെ സമീപത്ത് വൈരക്കൊടി ചാർത്തുന്നതോടെ കെട്ടുകാളകൾ തയ്യാറാകും.
കണക്കെടുക്കാനാകാത്ത നഷ്ടം
കഴിഞ്ഞ ഉത്സവ കാലത്തിനുശേഷം കെട്ടുകാളകളുടെ ആടയാഭരണങ്ങൾ അഴിച്ചു മാറ്റിയിരുന്നു.
വലിയ തോതിൽ പണം മുടക്കിയാണ് വീണ്ടും വയ്ക്കോൽ ഉൾപ്പെടെ നിറച്ച് കാളകളെ തയ്യാറാക്കിയത്. തൂക്കും ആലവട്ടവും പുതിയത് വാങ്ങി. ഉത്സവങ്ങളെല്ലാം മുടങ്ങിയതോടെ തിരിച്ചുവരാൻ കഴിയാത്ത ബുദ്ധിമുട്ടിലാണ് ഉടമകൾ. വലിയ കെട്ടുകാളകളെയും കുതിരകളെയും നിർമ്മിക്കാൻ ലക്ഷങ്ങളാണ് ചെലവ്. ഇതിനായി ബാങ്ക് ലോൺ ഉൾപ്പെടെ എടുത്തവരുണ്ട്.
''
വലിയ നഷ്ടമാണ് നേരിടുന്നത്. ഇത്തരമൊരു പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നില്ല
എസ്.ശിവപ്രസാദ്.
കെട്ടുകാളകളുടെ ഉടമ, പോരുവഴി