parisodhana

 ജില്ലയിലെത്തിക്കുന്നത് അഴുകിത്തുടങ്ങിയ മത്സ്യം

കൊല്ലം: മത്സ്യക്ഷാമം മുതലെടുത്ത് കച്ചവടം നടത്താനായി എത്തിച്ച ഒരാഴ്ചയിലേറെ പഴക്കമുള്ള നാലര ടൺ കേരച്ചൂര കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ ശക്തികുളങ്ങര ഹാർബറിലെത്തിയ ലോറി പരിശോധിച്ചപ്പോഴാണ് പഴകിയ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്.

40 മുതൽ 60 കിലോ വരെ തൂക്കമുള്ള വലിയ കേരച്ചൂരകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പഴകിയ മത്സ്യവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത ലോറികളെല്ലാം ഫ്രീസർ സംവിധാനമുള്ളതാണ്. എന്നാൽ ഇന്നലെ പിടിച്ചെടുത്ത ലോറിയിൽ ഐസിട്ടാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ അഴുകിത്തുടങ്ങിയ മത്സ്യത്തിന്റെ മാംസം നുള്ളിയെടുക്കുമ്പോൾ തന്നെ കൈയിൽ വരുന്ന അവസ്ഥയിലായിരുന്നു. മഞ്ഞ നിറം വ്യാപിച്ചതിനൊപ്പം അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു. മത്സ്യം എവിടെ നിന്നാണ് എത്തിച്ചതെന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും ലോറിയിൽ ഉണ്ടായിരുന്നില്ല.

ലോറിയിലുണ്ടായിരുന്ന മത്സ്യം പൂർണമായും ശക്തികുളങ്ങര ഹാർബറിന് സമീപം കുഴിച്ചുമൂടി. കോസ്റ്റൽ സി.ഐ എ​സ്. ഷെരീഫ്, എസ്.ഐ എം.സി. പ്രശാന്തൻ, എ.എ​സ്.ഐ ഡി. ശ്രീകുമാർ, ശക്തികുളങ്ങര സ്റ്റേഷനിലെ എ.എസ്.ഐ ഡാർവിൻ, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ലോറി പിടിച്ചെടുത്തത്. ഫുഡ് സേഫ്ടി ഇൻസ്പെക്ടർമാരായ അസീം, മാനസ എന്നിവരടങ്ങുന്ന സംഘമാണ് മത്സ്യം പരിശോധിച്ചത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്​ച​യ്​ക്കു​ള്ളിൽ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​പ്ര​കാ​രം കോ​സ്റ്റൽ പൊ​ലീ​സ് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടു​ന്ന​ത്. ആ​കെ 7500കി​ലോ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

തട്ടാമലയിൽ നിന്ന് പിടിച്ചെടുത്ത് 750 കിലോ

തട്ടാമല ജംഗ്ഷനോട് ചേർന്നുള്ള സ്വകാര്യ മാർക്കറ്റിൽ നിന്ന് 750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വാഹനം കണ്ടപാടെ കച്ചവടക്കാർ മത്സ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ദിവസങ്ങൾ പഴക്കമുള്ള വങ്കട, കേരച്ചൂര, വേളാപ്പാര എന്നീ മത്സ്യങ്ങളാണ് പിടിച്ചെടുത്തവയിൽ അധികവും. കച്ചവടക്കാരുടെ വാഹനങ്ങൾ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഫുഡ് സേഫ്ടി ഓഫീസർമാരായ മാനസ, അസീം, ചിത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വങ്കടയെ സൂക്ഷിക്കണം

ചന്തകളിൽ ഇപ്പോൾ വില്പനയ്ക്കുള്ള വങ്കട മത്സ്യത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയരുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. പരിശോധനകളിൽ പരാതികൾ വസ്തുതാപരമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കർണാടകത്തിൽ നിന്നാണ് ഇപ്പോൾ കേരളത്തിലേക്ക് പ്രധാനമായും വങ്കട എത്തുന്നത്. വൻതോതിൽ എത്തുന്ന ഇവ കേടാതിരിക്കാൻ വിതരണക്കാരും കച്ചവടക്കാരും വേണ്ട തരത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.