ചെറുപട്ടണങ്ങളും ഗ്രാമങ്ങളും സജീവം
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുകളുടെ തിരക്ക് ഇന്നലെ വലിയ തോതിൽ ഉയർന്നു. ഇരുചക്ര വാഹനങ്ങളോടൊപ്പം തന്നെ കാറുകളും പൊതു സ്ഥലങ്ങളിലുണ്ടായിരുന്നു. സർക്കാർ ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
ജീവനക്കാർക്ക് ജോലി ക്രമീകരണം ഏർപ്പെടുത്തിയതോടെ ഓഫീസുകളിൽ ഒന്നും രണ്ടും ജീവനക്കാർ മാത്രമേ ഉള്ളൂ. ഓഫീസുകൾ അകത്തുനിന്ന് അടച്ചശേഷമാണ് ജോലി ചെയ്യുന്നത്. പെൻഷൻ വിതരണം കൂടി ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളിലെ തിരക്ക് കൂടുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് നിരീക്ഷണം എല്ലാ ബാങ്കുകൾക്ക് മുന്നിലും ഏർപ്പെടുത്തി. സൗജന്യ റേഷൻ വിതരണം നടക്കുന്നതിനാൽ റേഷൻ കടകൾ, അവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിങ്ങി കൂടുന്നതിനാൽ സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ വലിയ തോതിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ചെറു പട്ടണങ്ങളും ഗ്രാമങ്ങളും ബസ് സർവീസുകളും ഹോട്ടലുകളും ഇല്ലെന്നത് ഒഴിച്ചാൽ പതിവുപോലെ സജീവമാണ്. സത്യവാങ്മൂലം, പൊലീസ് നൽകുന്ന ഓൺലൈൻ പാസ് എന്നിവ കൈയിൽ കരുതിയാണ് മിക്കവരുടെയും യാത്ര. അതിനാൽ ഇവരെ തടഞ്ഞ് നിറുത്താനോ തിരിച്ച് അയയ്ക്കാനോ കഴിയുന്നില്ല. അടിയന്തര സാഹചര്യമുള്ളതല്ലെന്ന് തോന്നിയാൽ തിരിച്ചയയ്ക്കാനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. വെള്ളക്കടലാസിൽ സത്യവാങ്മൂലം എഴുതി കൈയിൽ കരുന്നതിനാൽ കാഴ്ച കാണാൻ ഇറങ്ങുന്നവരെ തിരിച്ചറിയാനും കഴിയുന്നില്ല.
ദുരുപയോഗം ചെയ്യരുത്
അവസരങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് പൊലീസ് കർശന നിർദേശം നൽകുന്നുണ്ട്. പ്രധാന കവലകളിൽ പ്രത്യേക ടെന്റുകൾ സ്ഥാപിച്ചാണ് പൊലീസ് നിരീക്ഷണം തുടരുന്നത്. സ്വകാര്യ വാഹനങ്ങളിൽ ജനങ്ങൾ വൻ തോതിൽ നിരത്തിലിറങ്ങുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം ആശുപത്രികൾ തിരക്കേറുന്നുണ്ട്. ആശുപത്രി യാത്രകൾക്കായുള്ള വാഹനങ്ങളുടെ എണ്ണവും കൂടി.