korona

കൊല്ലം: ഒൻപത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയ സേവ്യർ ആന്റണി ആകാശത്തേക്ക് നോക്കി പറഞ്ഞു '' ദൈവത്തിന് നന്ദി.''

'' എന്നിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരരുതേയെന്ന പ്രാർത്ഥനയിലായിരുന്നു ഞാൻ. അഞ്ച് പേരുള്ള ഇടുങ്ങിയ വീട്ടിൽ ഏഴ് ദിവസം കഴിഞ്ഞിട്ടും ഒരാളിലേക്കേ രോഗം പടർന്നുള്ളു. ചികിത്സ തേടിയ അശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള രോഗമുണ്ടാകല്ലേ എന്നായിരുന്നു ആശുപത്രി കിടക്കിയിൽ എന്റെ പ്രാർത്ഥന.' സേവ്യർ പറഞ്ഞു. പ്രാക്കുളത്താണ് ഇപ്പോൾ താമസമെങ്കിലും യഥാർത്ഥ വീട് കുരീപ്പുഴ മേലേ മങ്ങാടാണ്.
രോഗം സ്ഥിരീകരിച്ചെന്നറിഞ്ഞപ്പോൾ അല്പം ആശങ്കയുണ്ടായിരുന്നു. പക്ഷെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിരന്തരമുള്ള ആശ്വാസവാക്കുകളിൽ മനസ് തണുത്തു. ദുബായിലായിരുന്നെങ്കിൽ താൻ ഒരുപക്ഷ മരിച്ചേനെ. നാട്ടിലെത്തിയത് കൊണ്ടാണ് രോഗം ഭേദമായത്. സർക്കാരിനോടും പ്രത്യേക നന്ദിയുണ്ടെന്നും സേവ്യർ പറഞ്ഞു. മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലെ ഡോക്ട‌ർമാരും നഴ്സുമാരും കൂട്ടത്തോടെയെത്തിയാണ് സേവ്യറിനെ യാത്രയാക്കിയത്.

കൊല്ലത്തെ ആദ്യ കൊവിഡ് ബാധിതനാണ് സേവ്യർ. രോഗം ഭേദമാകുന്നത് വരെ പി വൺ എന്നായിരുന്നു സേവറ്യനെ ആരോഗ്യ വകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ വിളിച്ചിരുന്നത്. മാദ്ധ്യമങ്ങളും ജനങ്ങളും പ്രാക്കുളം സ്വദേശിയായ പ്രവാസിയെന്നും. കഴിഞ്ഞമാസം 27നാണ് സേവ്യറിന് രോഗം സ്ഥിരീകരിച്ചത്. 18നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയത്.