കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസിക്ക് രോഗം ഭേദമായി. രണ്ട് പരിശോധനാ ഫലവും നെഗറ്റീവായതോടെ ഇദ്ദേഹത്തെ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ദുബായിൽ നിന്ന് മാർച്ച് 18ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാൾക്ക് കഴിഞ്ഞ 27നാണ് രോഗം സ്ഥിരീകരിച്ചത്.
ചെറിയ പനിയും ചുമയും മാത്രമാണുണ്ടായിരുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. പനിക്കും ചുമയ്ക്കും രക്തസമ്മർദ്ദം കുറയ്ക്കാനുമുള്ള മരുന്നുകളാണ് നൽകിയത്. ഞായറാഴ്ച രാത്രി വന്ന മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെയാണ് ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്തത്. ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അഞ്ചാലുംമൂട് പ്രാക്കുളം മഠത്തിൽമുക്കിന് സമീപം ഭാര്യാ സഹോദരിയുടെ വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ശാരീരിക അവശതകളെ തുടർന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ദിവസം മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. 25ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും എത്തിയതോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്കായി രക്തവും സ്രവങ്ങളും ശേഖരിച്ചു. വീട്ടിൽ കഴിയവേ 27ന് പരിശോധന ഫലം പോസ്റ്റീവാണെന്ന വിവരം എത്തി. ഇയാൾ ചികിത്സ തേടിയ തൃക്കരുവ പി.എച്ച്.സി, രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ നഴ്സുമാർ, ഡോക്ടർമാർ, സഞ്ചരിച്ച ആട്ടോറിക്ഷകളുടെ ഡ്രൈവർമാരടക്കം ഏകദേശം നൂറോളം പേരെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാക്കിയെങ്കിലും ആർക്കും കൊവിഡ് ബാധയുണ്ടായിരുന്നില്ല.