അഞ്ചാലുംമൂട്: ജില്ലയിൽ ആദ്യ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച തൃക്കരുവ പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തനത്തിനായി വീടുവിട്ടിറങ്ങി എട്ട് യുവാക്കൾ മാതൃകയാകുന്നു. രോഗം സ്ഥിരീകരിച്ച പ്രാക്കുളത്തെ രോഗികളുമായി നേരിട്ടല്ലാതെ സമ്പർക്കം പുലർത്തിയതിലൂടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ നിരീക്ഷണത്തിൽ പോകേണ്ടിവന്നതോടെ സാമൂഹിക അടുക്കളയുടെ പ്രവർത്തനങ്ങൾക്കുൾപ്പെടെ നേതൃത്വം വഹിക്കുകയാണിവർ.
ഇഞ്ചവിള യു.പി.എസ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന തൃക്കരുവ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ നിന്ന് ദിവസേന 385 പേർക്കുള്ള ഉച്ചഭക്ഷണവും 20 പേർക്കുള്ള പ്രഭാതഭക്ഷണവും വീടുകളിലെത്തിച്ച് വരികയാണ്. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നില്ല ഈ സംഘത്തിന്റെ സേവനങ്ങൾ. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കായി മരുന്നുകൾ, പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ പ്രതിഫലം കൈപ്പറ്റാതെ ഇവർ എത്തിച്ചുനൽകുന്നുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ ബന്ധുക്കൾക്ക് കുടിവെള്ളം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ടാങ്കറുകളുടെ സഹായത്തോടെ അവരുടെ വീടുകളിൽ കുടിവെള്ളം എത്തിക്കാനും ഈ സംഘം മുന്നിലുണ്ടായിരുന്നു. തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ബൈജു ജോസഫ്, അനീഷ് അഷ്ടമുടി, ബാബു, ലാൽകുമാർ, ശരൺ ബി. ചന്ദ്രൻ, അൻവർ, എബിൻ, അൻവർ എന്നിവരാണ് സംഘത്തിലുള്ളത്.
പ്രവർത്തനം മുൻകരുതലോടെ
തങ്ങളിലൂടെ വൈറസ് വ്യാപനം ഉണ്ടാകരുതെന്ന തീരുമാനത്തോടെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഈ ചെറുപ്പക്കാർ തൃക്കരുവയിലെ വിവിധ പ്രദേശങ്ങളിൽ സഹായഹസ്തവുമായി ഓടിയെത്തുന്നത്. വീടുവിട്ടിറങ്ങിയതിൽ പിന്നെ എട്ടുപേരും ഇഞ്ചവിള യു.പി.എസിലാണ് താമസമാക്കിയിരിക്കുന്നത്.