cable
ലോക്ക് ഡൗണിലും വിശ്രമമില്ലാതെ പണിയെടുക്കുന്ന കേബിൾ ടിവി ജീവനക്കാർ

ചവറ: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കേബിൾ ടിവി ജീവനക്കാരും ചെറുകിട ഓപ്പറേറ്റർമാരും പ്രതിസന്ധിയിലായി. എല്ലാവരും വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിൽ വിവിധ ചാനലുകൾ തടസമില്ലാതെ ലഭ്യമാക്കുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി 24 മണിക്കൂറും ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതും കേബിൾ ടി.വി ജീവനക്കാരും ചെറുകിട ഓപ്പറേറ്റർമാരുമാണ്.
കേരളത്തിൽ നിലവിൽ 50 ലക്ഷത്തിൽ അധികം കുടുംബങ്ങളാണ് കേബിൾ ടിവി ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ചാനലുകൾ ലഭ്യമാക്കുന്നു എന്നതാണ് കേബിൾ ടിവിയുടെ പ്രത്യേകത.

ജീവനക്കാർ പ്രതിസന്ധിയിൽ

മാർച്ച് ഇരുപതാം തീയതിക്ക് ശേഷം വീടുകളിൽ നിന്ന് കളക്ഷൻ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കേബിൾ ടിവി ജീവനക്കാ‌ർ പറയുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഈ മാസവും കളക്ഷൻ കിട്ടിയിട്ടില്ല. ഇതിനൊപ്പം ഇടക്കിടെയുണ്ടായ ഇടിയും മഴയും ഒരുപാട് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. 2019 മാർച്ചോടെ ട്രായ് ആവിഷ്കരിച്ച പുതിയ നിയമങ്ങളനുസരിച്ച് പേ ചാനലുകളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും വാടകയ്ക്കും മറ്റ് അനുബന്ധ ചെലവുകൾക്കുമായി പണം കണ്ടെത്താൻ പ്രയാസപ്പെടുമ്പോഴാണ് കൊവിഡ് 19 പ്രതിസന്ധി ഉടലെടുത്തത്. സർക്കാ‌ർ മുൻകൈയെടുത്ത് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ചെറുകിട കേബിൾ ഓപ്പറേറ്റർമാരുടെയും ജീവനക്കാരുടെയും ആവശ്യം.