കൊല്ലം: ചന്തകളിലും വണ്ടിക്കച്ചവടക്കാരിലും മീനിന് പൊള്ളുന്ന വില. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ജില്ലയിലേക്ക് ദിവസങ്ങൾ പഴക്കമുള്ള മത്സ്യം വ്യാപകമായി എത്തുന്ന സാഹചര്യത്തിൽ വിശ്വസിച്ച് വാങ്ങാനുമാകാത്ത സ്ഥിതിയാണ്.
കൊല്ലത്തെ ഹാർബറുകളിൽ മത്സ്യഫെഡ് നിശ്ചയിച്ച ന്യായവിലയ്ക്ക് വിൽക്കുന്ന മത്സ്യം നാട്ടിൻപുറങ്ങളിലെ ചന്തകളിൽ എത്തുമ്പോൾ വില ഇരട്ടിയോളം ഉയരും. ഒരു കിലോ ചാള ഹാർബറിൽ ഇന്നലെ 175 രൂപയ്ക്കാണ് വിറ്രത്. എന്നാൽ കൊല്ലം നഗരത്തോട് ചേർന്നുള്ള ചന്തകളിൽ പോലും ചാള കിലോയ്ക്ക് ഇരുനൂറിന് മുകളിലായിരുന്നു വില.
ഇന്നലെ 30 ടൺ ചാള
ഇന്നലെ കൊല്ലം തീരത്തെ അഞ്ച് ഹാർബറുകളിൽ നിന്നായി 30 ടൺ ചാളയാണ് വിറ്റത്. അയിലയും മറ്റ് പല ഇനങ്ങളും കൂടിച്ചേർന്ന 500 കിലോ വില്പന വേറെയും നടന്നു. അഞ്ഞൂറോളം വള്ളങ്ങൾ ഇന്നലെ കടലിൽ പോയി. ഇന്നലെ മുതൽ പകലും വള്ളങ്ങൾ കടലിലേക്ക് പോയി. ആദ്യ ദിവസങ്ങളിൽ സന്ധ്യയ്ക്ക് പോയി തൊട്ടടുത്ത ദിവസം പുലർച്ചെയാണ് മടങ്ങിവന്നിരുന്നത്. ഹാർബറുകളിൽ രാവിലെ 7 മുതൽ 10 വരെയുള്ള വില്പനയ്ക്ക് പുറമേ രാത്രി എട്ട് മുതലും കച്ചവടം തുടങ്ങി.