കൊല്ലം: ക്ഷീര കർഷകരിലൂടെ വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ മിൽമ ആരംഭിച്ച ഹരിത മിൽമ പദ്ധതിയിൽ നിന്ന് വിളവെടുത്ത ഉത്പന്നങ്ങൾ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച സാമൂഹിക അടുക്കളകൾക്ക് സൗജന്യമായി നൽകി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മാതൃകയായി.
വിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം മിൽമ ചെയർമാൻ കല്ലട രമേശ് കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുരാജന് പച്ചക്കറികൾ നൽകി കൊല്ലത്ത് നിർവഹിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ വഴിയാണ് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്. 25 ഏക്കറിലെ കൃഷിക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോൾട്ടി കൾച്ചർ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നാണ് പച്ചക്കറി കൃഷിക്ക് ആവശ്യമായ മുന്തിയ ഇനം ഹൈബ്രിഡ് വിത്തുകൾ വാങ്ങിയത്. ലോക്ക് ഡൗൺ കാലാവധി തീരുന്നതുവരെ എട്ട് ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ വിളവെടുക്കുന്ന പച്ചക്കറികൾ അതാത് പ്രദേശങ്ങളിലെ സാമൂഹിക അടുക്കളകളിലേക്ക് നൽകുമെന്ന് കല്ലട രമേശ് അറിയിച്ചു.