അഞ്ചെണ്ണം ജനകീയ ഹോട്ടലാകും
കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീയുമായി ചേർന്ന് കൊല്ലം നഗരസഭ ആരംഭിച്ച എട്ട് സാമൂഹിക അടുക്കളകളിൽ അഞ്ചെണ്ണം ഇന്ന് മുതൽ ജനകീയ ഹോട്ടലുകളാകും. മൂന്നെണ്ണം സാമൂഹിക അടുക്കളകളായി തുടരും. ശക്തികുളങ്ങര, ഇരവിപുരം, കൂനമ്പായിക്കുളം എന്നിവിടങ്ങളിലേതാണ് സാമൂഹിക അടുക്കളകളായി തുടരുന്നത്. കടപ്പാക്കട, കൊല്ലം ടൗൺ ഹാൾ, തിരുമുല്ലവാരം വിഷ്ണത്ത്കാവ്, കടവൂർ, കിളികൊല്ലൂർ എന്നിവിടങ്ങളിലേതാണ് ജനകീയ ഹോട്ടലുകളായി മാറുന്നത്.
സാമൂഹിക അടുക്കളകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റം. പുതിയ ഉത്തരവ് പ്രകാരം സാമൂഹിക അടുക്കളകളിൽ സൗജന്യ ഭക്ഷണ വിതരണമേ ഉണ്ടാകു. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം കൗൺസിലർമാർ സൗജന്യ ഭക്ഷണം നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
മൂന്ന് മേഖലകൾ
നഗരസഭാ ഡിവിഷനുകളെ മൂന്ന് മേഖലകളായി തിരിച്ചാകും സാമൂഹിക അടുക്കളകളിൽ നിന്ന് ഭക്ഷണം എത്തിക്കുക. രാവിലെ പ്രഭാത ഭക്ഷണവും അത്താഴവും ഉണ്ടാകും. ഇന്ന് ഉപ്പുമാവും കടലയുമായിരിക്കും പ്രഭാത ഭക്ഷണം. രാത്രി ചപ്പാത്തിയും കറിയും. വരും ദിവസങ്ങളിൽ ഇടിയപ്പം, ഇഡലി തുടങ്ങിയ ഇനങ്ങളും പ്രഭാത ഭക്ഷണമായി നൽകും.
ജനകീയ ഹോട്ടലുകളിൽ നിന്ന് 20 രൂപയ്ക്ക് ഊണ് ലഭിക്കും. വീട്ടിൽ എത്തിച്ച് നൽകണമെങ്കിൽ 5 രൂപ അധികം നൽകണം. കുടുംബശ്രീ യൂണിറ്റുകൾക്ക് തന്നെയാണ് ജനകീയ ഹോട്ടലുകളുടെയും നടത്തിപ്പ് ചുമതല. ഇവിടെ നിന്ന് നൽകുന്ന ഓരോ ഊണിനും 10 രൂപ വീതം കുടുംബശ്രീ മിഷൻ സബ്സിഡി നൽകും.
സാമൂഹിക അടുക്കളകൾ
ശക്തികുളങ്ങര, ഇരവിപുരം, കൂനമ്പായിക്കുളം
ജനകീയ ഹോട്ടലുകൾ
കടപ്പാക്കട, കൊല്ലം ടൗൺ ഹാൾ, തിരുമുല്ലവാരം വിഷ്ണത്ത്കാവ്, കടവൂർ, കിളികൊല്ലൂർ