അഞ്ചൽ: ഏറെക്കാലമായി വൃക്കരോഗത്തിന് ചികിത്സയിൽ ഇരിക്കുന്ന ഗൃഹനാഥൻ സൗജന്യമായി മാസ്ക് നിർമ്മിച്ച് നൽകുന്നു. ഇടമുളയ്ക്കൽ പനച്ചവിള പുത്താറ്റ് ആതിരാഭവനിൽ പ്രഭാകരനാണ് (51) അവശതകൾക്കിടയിലും മാസ്ക്ക് തുന്നി സൗജന്യമായി നൽകുന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്നയാളാണ് പ്രഭാകരൻ. നേരത്തെ പനച്ചവിള ജംഗ്ഷനിൽ തയ്യൽകട നടത്തിയിരുന്ന ഇദ്ദേഹം പത്ത് വർഷത്തിലധികമായി വൃക്കരോഗത്തിന് ചികിത്സയിലാണ്. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പ്രഭാകരൻ ഡയാലിസിസ് ചെയ്യുന്നത്. നിർദ്ധന കുടുംബത്തിലെ അംഗമായ പ്രഭാകരന്റെ ഭാര്യ കശുഅണ്ടി തൊഴിലാളിയാണ്. ജീവിത പ്രാരാബ്ധത്തിനിടെ അവശതകൾ മറന്ന് ഇടയ്ക്ക് വീട്ടിൽ ഇരുന്ന് തയ്യൽ ജോലി നടത്തുന്നതിനിടെയാണ് മാസ്ക്ക് തുന്നലും.നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കും പ്രഭാകരൻ വിധേയനായിട്ടുണ്ട്.