corona

 രോഗബാധിതരുടെ എണ്ണം അഞ്ചായി തുടരുന്നു

കൊല്ലം: ജില്ലയിൽ ആദ്യം കൊവിഡ് 19 സംശയിച്ച പ്രാക്കുളം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി ആശുപത്രി വിട്ടതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വെളിനല്ലൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച വിവരം ഇന്നലെ വൈകിട്ട് പുറത്തുവന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചായി തുടരുകയാണ്. തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ഉയർന്നതോടെ ജില്ലയിൽ നിന്ന് പങ്കെടുത്ത എല്ലാവരുടെയും സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. 11 പേരാണ് ജില്ലയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ ഇന്നലെ പരിശോധനാഫലം പോസിറ്റീവായ വെളിനല്ലൂർ സ്വദേശിയടക്കം മൂന്നുപേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ബാക്കി 9 പേർ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്. തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പുനലൂർ സ്വദേശികളായ ദമ്പതികൾ, ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ ഇട്ടിവ സ്വദേശിനിയായ യുവതി, പ്രാക്കുളം സ്വദേശിയുടെ ഭാര്യാസഹോദരി എന്നിവരാണ് ജില്ലയിൽ ചികിത്സയിലുള്ള മറ്റു നാലുപേർ.